വയറ്റിൽ കുത്തിനിൽക്കുന്ന കത്തികളുമായി വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ
നെന്മാറ: വയറ്റിൽ കുത്തിനിൽക്കുന്ന രണ്ടു കത്തികളുമായി വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ. വല്ലങ്ങി ബൈപ്പാസ് റോഡിൽ പരേതനായ മാണിക്കന്‍ചെട്ടിയാരുടെ ഭാര്യ മാരിയമ്മയെയാണ് (87) കിണറ്റിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിനുപിന്നിലെ കിണറ്റിലായിരുന്നു അർധനഗ്‌നമാക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു. കുടൽമാല പുറത്ത് ചാടിയിരുന്നു. അടിവയറ്റിലും വയറിന്റെ ഇടതുവശത്തും കുത്തിനിൽക്കുന്ന കത്തികളുമായി കിണറ്റിൽ കാണപ്പെട്ട മൃതദേഹം മലർന്നുകിടക്കുന്ന വിധത്തിലായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കുശേഷമാണ് സംഭവമെന്ന് കരുതുന്നു. വീട്ടിലാക്കി മകൻ ബാലസുബ്രഹ്മണ്യനും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. മൂന്നു മണിയോടെ വീട്ടിലെത്തിയ പേരമകൻ വിഘ്നേഷ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണു വീടിനു പിന്നിലെ കിണറ്റിൽ മൃതദേഹം കണ്ടത്. നെന്മാറപോലീസ് സ്ഥലത്തെത്തി വിവരമറിയിച്ചതിനെത്തുടർന്ന് ആലത്തൂരിൽനിന്ന് അഗ്‌നിരക്ഷാസേനാ വിഭാഗമെത്തി മൃതദേഹം പുറത്തെടുത്തു. വയറിന്റെഭാഗത്ത്് രണ്ട് കത്തി കുത്തിനിൽക്കുന്ന നിലയിലാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വീടിനു മുന്നിലെ വാതിൽ പൂട്ടി പിൻവാതിൽ തുറന്നിട്ടാണു പതിവായി പുറത്തുപോകാറുള്ളതെന്നു വീട്ടുകാർ പറഞ്ഞു. വീടു പൂട്ടി കാവൽ ഏർപ്പെടുത്തിയ പൊലീസ് കൊലപാതകത്തിനു കേസെടുത്തതായി അന്വേഷണച്ചുമതലയുള്ള വടക്കഞ്ചേരി സിഐ സുനിൽകുമാർ പറഞ്ഞു.


