തോമസ് ചാണ്ടിയെ പുറത്താക്കണം : ബി.ജെ.പി ഗവർണർക്ക് പരാതി നൽകി
തിരുവനന്തപുരം : കായൽ കയ്യേറ്റത്തിൽ കുരുക്ക് മുറുകി നിൽക്കുന്ന മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവർണർക്ക് പരാതി നൽകി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ എന്നിവരാണ് ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്.
തോമസ് ചാണ്ടി ബിനാമി ഇടപാട് വഴിനിരവധി സ്വത്തുക്കൾ സന്പാദിച്ചിട്ടുണ്ട്. കൂടാതെ കണക്കിൽപ്പെടാത്ത അനവധി സ്വത്തുക്കളും തോമസ് ചാണ്ടിക്കുണ്ട്. ഇതെല്ലാം മറച്ചുവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷനുംഗവർണർക്കും തോമസ് ചാണ്ടി നൽകിയ സത്യപ്രസ്താവന വ്യാജമാണ്. ഭാര്യയുടെയും ആശ്രിതരുടെയും പേരിലുള്ള സ്വത്തു വിവരങ്ങളും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 177 ആം വകുപ്പ് പ്രകാരം ഇത് കുറ്റകരമാണ്. ഭരണഘടന അനുസരിച്ച് തോമസ് ചാണ്ടിയെ അയോഗ്യനാക്കാൻ ഇത് മതിയായ കാരണമാണെന്നും പരാതിയിൽ ഇരുവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തോമസ് ചാണ്ടി നൽകിയത് വ്യാജ സത്യവാങ്മൂലമാണെന്ന് തെളിയിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് ഗവർണർ തോമസ് ചാണ്ടിയെ അയോഗ്യനാക്കണം എന്നാണ് ആവശ്യം.
അതേസമയം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി തിങ്കളാഴ്ച സെക്രട്ടറിയേറ്റ് വളയും. രാവിലെ തുടങ്ങുന്ന ഉപരോധം ഉച്ചവരെ നീളും. സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും സമരക്കാർ ഉപരോധിക്കും. രാവിലെ 10ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉപരോധം ഉദ്ഘാടനം ചെയ്യും. മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയും എതിർത്തിട്ടും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് മുഖ്യമന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണ്. മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോടുള്ള വിട്ടുവീഴ്ചാ മനോഭാവം എന്താണെന്ന് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യമുന്നയിക്കുന്നു.
തോമസ് ചാണ്ടിക്ക് ഭൂമി കയ്യേറാൻ എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത ശേഷം മന്ത്രിക്കെതിരെ നടത്തുന്ന സമരം നടത്താൻ യു.ഡി.എഫിന് അവകാശമില്ലെന്നാണ് ബി.ജെ.പി വിലയിരുത്തൽ. അതിനാൽ തന്നെ തോമസ് ചാണ്ടിക്കെതിരായ യഥാർത്ഥ സമരം ബി.ജെ.പി നടത്തുന്നതാണെന്നും അവർ അവകാശ പ്പെട്ടു.


