ബി.ജെ.പിയും കോൺഗ്രസും കള്ളപ്പണത്തിന്റെ പങ്ക് പറ്റുന്നവർ : കോടിയേരി
കോഴിക്കോട് : വിദേശബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരുടെ കൂട്ടത്തിൽ ബി.ജെ.പിക്കാരുള്ളതിനാലാണ് നരേന്ദ്രമോഡിക്ക് കള്ളപ്പണം തിരിച്ചെത്തിക്കാൻ കഴിയാത്തതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാർഷിക ദിനത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ എസ്.ബി.ഐയിലേക്ക് നടത്തിയ ബഹുജനമാർച്ച് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറുദീസ രേഖകളിലും പാനമ രേഖകളിലും പേരുള്ളവരാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതാക്കളെന്നും കള്ളപ്പണത്തിന്റെ പങ്കുപറ്റുന്നവരാണ് ഇവരൊക്കെ. അക്കൂട്ടത്തിൽ ഒറ്റ ഇടതുപക്ഷക്കാരന്റെയും പേരില്ലെന്നും കോടിയേരി വ്യക്തമാക്കി.
ജനങ്ങളെ ദുരിതത്തിലാക്കുന്ന സാന്പത്തിക നയങ്ങൾക്കെതിരേ ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു മാർച്ച്. പാനമ രേഖകളിൽ പേരുവന്നതിന്റെ പേരിൽ പാകിസ്താനിൽ നവാസ് ഷെരീഫ് രാജിവെച്ചിരുന്നു. എന്നാൽ, പറുദീസാരേഖയിൽ പേരുള്ള മന്ത്രിയെ ഒപ്പമിരുത്തി പൂജിക്കുകയാണ് മോഡിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അദാനിമാർക്കും അംബാനിമാർക്കും വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്നും രാജ്യത്ത് സാന്പത്തിക അരാജകത്വവും ജനങ്ങൾക്ക് ദുരിതവും മാത്രം നൽകിയ ഈ നടപടിയുടെ പേരിൽ ബി.ജെ.പി. മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.ക്കാർക്കൊപ്പം കോൺഗ്രസുകാരുടെ പേരുകളും പറുദീസാരേഖകളിലുണ്ടെന്നും അതുകൊണ്ടുതന്നെ ബി.ജെ.പി.യെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും −കോടിയേരി വ്യക്തമാക്കി.
സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി.ബാലൻ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എ. പ്രദീപ് കുമാർ, വി.കെ.സി മമ്മദ് കോയ, പുരുഷൻ കടലുണ്ടി, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, എം. ആലിക്കോയ, നാസർകോയ തങ്ങൾ, സി. സത്യചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


