മെഡിക്കൽ കോഴ : അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് കോഴക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേസിൽ വിജിലൻസിന് നൽകിയ മൊഴിയിലാണ് മെഡിക്കൽ കോളേജ് കോഴയുമായിബന്ധപ്പെട്ട് പാർട്ടി അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കുമ്മനം വ്യക്തമാക്കിയത്.
വിജിലൻസിനോട് പറഞ്ഞ കാര്യങ്ങൾ മൊഴി നൽകി പുറത്തുവന്നശേഷം മാധ്യമപ്രവർത്തരോടും കുമ്മനം ആവർത്തിച്ചു. മെഡിക്കൽ കോഴയാരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനല്ല സംസ്ഥാന ജനറൽ സെക്രട്ടറി വി.വി രാജേഷിനെതിരെ നടപടി സ്വീകരിച്ചതെന്ന് കുമ്മനം പറഞ്ഞു. പാർട്ടി അച്ചടക്കനടപടി ലംഘിച്ചതിനാണ് രാജേഷിനെതിരേ നടപടി സ്വീകരിച്ചത്.
മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളെന്ന പേരിൽ പ്രചരിച്ച വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കുമ്മനം വ്യക്തമാക്കി. പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ താൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സഹകരണ സെൽ കൺവീനറായ ആർ.എസ് വിനോദിനെതിരേ നടപടി സ്വീകരിച്ചതതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
അതേസമയം, തന്റെ പി.എയായ രാധാകൃഷ്ണന്‍ റിപ്പോർട്ട് കണ്ടിരിക്കാമെന്ന് കുമ്മനത്തിന് വിജിലൻസിന് മുന്നിൽ സമ്മതിക്കേണ്ടിവന്നു. വിജിലൻസ് ഇതിനുള്ള തെളിവുകൾ ഹാജരാക്കിയപ്പോഴാണ് രാധാകൃഷ്ണൻ റിപ്പോർട്ട് കണ്ടിട്ടുണ്ടാകുമെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചത്. രാധാകൃഷ്ണന്റെ മൊഴി നാളെ വിജിലൻസ് രേഖപ്പെടുത്തും. കൂടാതെ മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ബി.ജെ.പി നേതാക്കളായ കെ.പി ശ്രീശനും എ.കെ നസീറും നാളെ വിജിലൻസിന് മൊഴി നൽകാനെത്തും. നേരത്തെ ഇരുവർക്കും മൊഴി നൽകാനെത്താൻ വിജിലൻസ് നിർദ്ദേശം നൽകിയെങ്കിലും പാർട്ടി നിർദ്ദേശപ്രകാരം 22 ന് മൊഴി നൽകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ആഗസ്റ്റ് 10ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലൻസ് കുമ്മനത്തിന് നോട്ടീസ് അയച്ചത്. എന്നാൽ കുമ്മനം അസൗകര്യം അറിയിച്ചതിനെ തുടർന്ന് സമയം നീട്ടി നൽകുകയായിരുന്നു.

