‘ചിക്കൻ മസാല മുതൽ അമ്മ വച്ച കറി’ വരെ : ‘ക്ലിക്ക് ഓൺ ഐ കുക്ക്’ പാചക മത്സരം ശ്രദ്ധേയമായി
മനാമ : ചിക്കൻ വിഭവങ്ങളുടെ വൈവിധ്യങ്ങളാൽ സന്പന്നമായ ‘ക്ലിക്ക് ഓൺ ഐ കുക്ക് പാചക മത്സരം’ ശ്രദ്ധേയമായി. 4 പി.എം ന്യൂസും ബി.കെ.എസ് വനിതാ വിഭാഗവും സംയുക്തമായി നടത്തിയ മത്സരത്തിൽ സാധാരണ ചിക്കൻ കറി തൊട്ട് ‘അമ്മ െവച്ച കറി’ എന്ന് പേരിട്ട് കറികളും വരെ വ്യത്യസ്തമായി. നാല് പുരുഷന്മാർ അടക്കം 20ഓളം മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സ്ഥാനം മായാ ഉദയനും, രണ്ടാം സ്ഥാനം അനീസ ഷാഫിയും, മൂന്നാം സ്ഥാനം ആബിത സഗീറും കരസ്ഥമാക്കി. പതിമൂന്ന് വയസുകാരി പ്രിഷാ പ്രശാന്തും മികച്ച ഡിസ്പ്ലേ ഒരുക്കിയ റിസ്‌ന ഫയാസും വിധികർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. റോയൽ കോർട്ടിലെ പ്രമുഖ ഷെഫായ യു.കെ ബാലൻ, റിറ്റ്സ് കാൾട്ടണിലെ ഷെഫുമാരായ മാഹിബാൽ സിംഗ്, ജോസഫ് കീറ്റിക്കൽ തുടങ്ങിയവരായിരുന്നു വിധികർത്താക്കളായി എത്തിയിരുന്നത്. എല്ലാ മത്സരാർത്ഥികളും മികച്ച നിലവാരം പുലർത്തിയതായും രുചിയേറിയ ഭക്ഷണം ഉണ്ടാക്കിയതായും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പാചകം ചെയ്യുന്പോൾ സൂക്ഷിക്കേണ്ടുന്ന വൃത്തിയേയും മറ്റ് പ്രാഥമിക വിവരങ്ങളെപ്പറ്റിയും വിധികർത്താക്കൾ വിവരിച്ചു.
വൈകീട്ട് 7 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പാചക മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വീരമണി, സ്പാക് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ, 4 പി.എം ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രദീപ് പുറവങ്കര, പി.ആർ ഹരിദാസ് സെയിൽസ് മാനേജർ വിട്ടാൽ ജമാൽ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മത്സരാർത്ഥികൾക്കൊപ്പം കാണികൾക്കും നിരവധി സമ്മാനങ്ങൾ ഉണ്ടായിരുന്നു. ക്ലിക്ക് ഓൺ മുഖ്യ പ്രായോജകരായ പരിപാടിയിൽ ക്വാളിറ്റി ഫുഡ്സ്, എം.എഫ്.ബി ഫുഡ്സ്, സാറാസ്, സാൻഫോർഡ്, അൽ ഓസ്‌റ െറസ്റ്റോറന്റ്, വി.എം.ബി, ഗ്രീൻവെ ട്രേഡിംഗ്, ഹോട്ട് പായ്ക്ക് പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടിയത് ചിക്കൻ രുചി അറിയാത്ത വീട്ടമ്മ
20ഓളം മത്സരാർത്ഥികൾ മാറ്റുരച്ച ഐ കുക്ക് പാചക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കൊല്ലം സ്വദേശിനി മായ ഉദയൻ പൂർണ്ണ സസ്യഭുക്കാണ്. ഇതുവരെ മാംസാഹാരത്തിന്റെ രുചി പോലും അറിഞ്ഞിട്ടില്ലാത്ത മായ പക്ഷെ ചിക്കന്റെ വിവിധ രുചിഭേദങ്ങൾ ഉണ്ടാക്കും. മത്സരത്തിൽ ചിക്കൻ കടായി ആണ് ഉണ്ടാക്കിയതെങ്കിലും സാധാരണ കാടായിയിൽ നിന്നും വ്യത്യസ്തമാണ് മത്സരത്തിന് വേണ്ടി ഉണ്ടാക്കിയത്.
ഇന്റർനെറ്റ്, മറ്റ് പാചക കുറിപ്പുകൾ എന്നിവയിലൂടെയാണ് മായ പാചകം പഠിക്കുന്നത്. അറാമെക്‌സ് ജീവനക്കാരൻ ഉദയൻ, മക്കളായ അനന്തു ഉദയൻ (ഡിഗ്രി വിദ്യാർത്ഥി), ഐശ്വര്യ മായാ (പത്താംതരം ഇന്ത്യൻ സ്‌കൂൾ) എന്നിവരുടെ പിന്തുണയും ഇത്തരം മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായി. മായയുടെ ചിക്കൻ വിഭവം രുചിയിലും ചേരുവകൾ ഉപയോഗിച്ചതിലും, വൃത്തിയിലും വളരെ മുന്നിട്ട് നിൽക്കുന്നതായി വിധികർത്താക്കൾ വിലയിരുത്തി.

