ഇടമൺ - തെന്മല പാതയിൽ ട്രെയിൻ യാത്ര ഉടൻ
പുനലൂർ : ഇടമൺ − തെന്മല പാതയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ അധികൃതർ ആലോചിക്കുന്നതായി സൂചന. ഇതിന് മുന്നോടിയായി ഇടമൺ മുതൽ തെന്മല വരെയുളള 13 കിലോമീറ്റർ ദൈർഘ്യമുളള പാതയിൽ മെറ്റൽ പാക്കിംഗ് ജോലികൾ പുരോഗമിക്കുകയാണ്. പുനലൂരിൽ നിന്നും ഇടമൺ വരെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾ തെന്മല വരെ നീട്ടാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ മാസം ഈ ഭാഗത്ത് ട്രാക്ക് സ്ഥാപിച്ച ശേഷം മെറ്റൽ പാകുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാഴ്ച മുൻപ് ഇടമണിൽ നിന്ന് ആരംഭിച്ച മെറ്റൽ പാക്കിംഗ് വെളള്ളിയാഴ്ച സന്ധ്യയോടെ തെന്മലയിലെ പുതിയ റെയൽവേ േസ്റ്റഷനിൽ എത്തി.
പുനലൂർ - ചെങ്കോട്ട റെയിൽവേ ഗേജുമാറ്റത്തിെൻ്റ ഭാഗമായി പുനലൂർ മുതൽ ഇടമൺ വരെയുളള 8 കിലോമീറ്റർ പാതയിൽ കഴിഞ്ഞ മാർച്ചിൽ സർവീസ് ആരംഭിച്ചിരുന്നു. കൊല്ലത്ത് നിന്ന് പുനലൂരിൽ എത്തിക്കൊണ്ടിരുന്ന ഗുരുവായൂർ − പുനലൂർ എക്സ്പ്രസ് അടക്കമുളള മൂന്ന് ട്രെയിനുകളാണ് ഇടമൺ വരെ നീട്ടിയത്. ഇവയാണ് തെന്മല വരെ നീട്ടാൻ അധികൃതർ ആലോചിക്കുന്നത്.

