ബസ്സുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്
പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. തിരുവല്ല−കുന്പഴ റോഡിൽ ശാലേം ജംഗ്ഷനിൽ ഇന്നലെ രാവിലെ 8.30 നായിരുന്നു അപകടം. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്‍സ തേടി.
തിരുവല്ലയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും പത്തനംതിട്ടയിൽനിന്ന് കോട്ടയത്തിന് പോയ ഓർഡിനറി ബസുമാണ് അപകടത്തിൽപ്പെട്ടത്. ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിടിച്ചു തകർത്തു. സമീപംനിന്ന തെങ്ങും മറിച്ചു. വൈദ്യുതി ലൈനും പൊട്ടി. ഇരു ബസുകളുടെയും മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.

