സംസ്ഥാനത്ത് 1400 അൺഎയ്ഡഡ് സ്കൂളുകൾ അടുത്തവർഷം പൂട്ടും
തിരുവനന്തപുരം : നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന 1400 അൺ എയ്ഡഡ് സ്കൂളുകൾ പൂട്ടും. നടപ്പ് അധ്യയനവർഷം അവസാനിക്കുന്നതോടെയാണ് ഇവ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. 2018 അധ്യയനവർഷത്തോടെ ഇവ പ്രവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾക്ക് പൊതുവിദ്യാഭ്യാസവകുപ്പ് നടപടി ആരംഭിച്ചു. അടച്ചുപൂട്ടൽ നടപടിക്രമങ്ങൾ നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ പുറപ്പെടുവിച്ച സർക്കുലർ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് കൈമാറി.
അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ പാടില്ലെന്ന് ദേശീയ വിദ്യാഭ്യാസ അവകാശനിയമം നിഷ്കർഷിക്കുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് അംഗീകാരം നേടിയെടുക്കുന്നതിനുള്ള മാനദണ്ധം നിശ്ചയിച്ച് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം 1800 അപേക്ഷയാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ മാർഗനിർദ്ദേശങ്ങളും മാനദണ്ധങ്ങളും പാലിച്ച് പ്രവർത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ട 395 അൺ എയ്ഡഡ് സ്കൂളുകൾക്ക് മാത്രമാണ് അംഗീകാരം നൽകിയത്. അവശേഷിക്കുന്ന 1400 സ്കൂളുകൾക്കാണ് താഴ്്വീഴുന്നത്.
പ്രൈമറി ക്ലാസുകൾക്ക് മാത്രം അംഗീകാരമുള്ള ചില സ്കൂളുകൾ അനധികൃതമായി ഹൈസ്കൂളുകൾ നടത്തി കുട്ടികളെയും രക്ഷിതാക്കളെയും വഞ്ചിക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സ്കൂളുകളുടെ ജില്ല തിരിച്ചുള്ള പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി ഉടൻ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ ഓഫീസുകളിലും പരസ്യപ്പെടുത്തും. അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റും മേഖല തിരിച്ച് ഇതിനൊപ്പം പ്രസിദ്ധീകരിക്കും. ഓരോ സ്കൂളിനും ഏതെല്ലാം ക്ലാസുകൾക്കാണ് അംഗീകാരമുള്ളതെന്ന് ലിസ്റ്റിൽനിന്ന് തിരിച്ചറിയാം.

