പഴയന്നൂർ ആരോഗ്യകേന്ദ്രത്തിലെ ശോചനീയാവസ്ഥ : ആശങ്കയൊഴിയാതെ നാട്ടുകാർ
പഴയന്നൂർ : സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയും ചികിത്സ സൗകര്യത്തിലെ പോരായ്മയും നാട്ടുകാരുടെ ദുരിതവും ആശങ്കയും കൂട്ടുന്നു. ദിവസവും നാനൂറോളം രോഗികളെത്തുന്ന കേന്ദ്രത്തിൽ മിക്കപ്പോഴും രണ്ട് ഡോക്ടർമാർ മാത്രമാണ് ഒ.പി വിഭാഗത്തിലുള്ളത്. മണിക്കൂറുകളോളം വരിനിന്നു വേണം ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും അത്ര തന്നെ നേരം നിൽക്കണം.
പനിയും മറ്റു രോഗങ്ങളുമായി അവശനിലയിലെത്തുന്ന വയോധികരും കുട്ടികളുമായെത്തുന്ന അമ്മമാരും വരിയിൽ നിന്ന് തളർന്നു വീഴുന്നത് ഇവിടെ പതിവാണ്. ചികിൽസാ സൗകര്യങ്ങളിലെ പോരായ്മകൾക്ക് പരിഹാരമാകാത്തതാണ് ഇതിന് കാരണം. ഒപി ചികിൽസാ കേന്ദ്രത്തിലെ കസേരകളിൽ ചിലത് തകരാറിലായി മാസങ്ങളായിട്ടും ഇതേ വരെ നന്നാക്കിയിട്ടില്ല.
വരാന്തയുടെ തെക്കേ അരികുകളിൽകൂടി ഇരിപ്പിടമൊരുക്കിയാൽ വരി നിൽക്കുന്നവർക്ക് ഏറെ പ്രയോജനകരമാകുമെന്ന് നാട്ടുകാർ പറയുന്നു. കിടത്തി ചികിൽസയും പ്രസവ ചികിൽസയും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികളുണ്ടായില്ല. സാമൂഹികാരോഗ്യ പദവി പ്രഖ്യാപനത്തിന്റെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാട്ടുകാർക്കു ഉപകാരമുണ്ടായില്ല.

