ദിലീപ് മുന്‍വിധികളുടേയും സ്ഥാപിത താല്‍പര്യങ്ങളുടേയും ഇര : അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും അമ്മ
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ കെ.പി.സരോജം. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ സരോജം ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിത താല്‍പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നാണ് അമ്മയുടെ ആരോപണം. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റംചുമത്താന്‍ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തീരാക്കളങ്കമാകുമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ അവർ പറയുന്നു.
ഏപ്രിലില്‍ മറ്റുപ്രതികള്‍ക്കെതിരെ നല്‍കിയ കുറ്റപത്രത്തിനു കടകവിരുദ്ധമാണ് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം. ആദ്യത്തെ അന്വേഷണത്തിലോ പിന്നീടു നടന്ന തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി അന്വേഷണത്തില്‍ കഴിവുതെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളെ കേസ് എല്‍പ്പിച്ചില്ലെങ്കിൽ ദിലീപിന് നീതികിട്ടില്ലെന്നും സരോജം കത്തില്‍ പറയുന്നു.

