ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി


ന്യൂഡൽഹി : ദോക് ലാ മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ, ലഡാക് മേഖലയിലെ പ്രസിദ്ധമായ പാൻഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു. പരസ്പരമുണ്ടായ കല്ലേറിൽ ഇരുവിഭാഗത്തുമുള്ള സൈനികർക്ക് നേരിയ പരുക്ക് പറ്റിയെന്ന് അധികൃതർ അറിയിച്ചു.

രാവിലെ ആറ് മണിക്കും ഒൻപത് മണിക്കും ഇടയിൽ രണ്ടു തവണയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഫിംഗർ–4, ഫിംഗർ–5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. രണ്ടു തവണയും ഇന്ത്യൻ സൈന്യം കൃത്യമായി പ്രതികരിച്ചതിനാൽ ചൈനീസ് സൈന്യത്തിന് മേഖലയിൽ പ്രവേശിക്കാൻ സാധിച്ചില്ല.

ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതിൽ തീർത്താണ് ഇന്ത്യൻ സൈന്യം തടഞ്ഞത്. ഇതേതുടർന്ന് ചൈനീസ് സൈനികർ, ഇന്ത്യയുടെ സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഇന്ത്യയും അതേനാണയത്തിൽ തിരിച്ചടിച്ചുവെന്നാണ് റിപ്പോർട്ട്. ഇരുഭാഗത്തുമുള്ളവർക്ക് നേരിയ പരുക്ക് പറ്റിയിട്ടുണ്ട്. പിന്നീട്, ഇരുവിഭാഗവും ബാനർ ഡ്രിൽ നടത്തി തിരികെ പോവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ സൈന്യം കനത്ത ജാഗ്രതയിലാണ്.

ദോക് ലായെ ചൊല്ലി ജൂൺ 16നാണ് ഇന്ത്യ - ചൈന അതിർത്തിയിൽ സംഘർഷം വീണ്ടും സജീവമായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്‌ഷനിലാണ് പ്രശ്നം. ദോക് ലായിൽ ചൈന റോഡു നിർമിക്കാൻ തീരുമാനിച്ചതായിരുന്നു കാരണം. അതിർത്തിയിലെ തൽസ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാൽ, ഇന്ത്യൻ സൈന്യമാണ് അതിർത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. സംഘർഷത്തെ തുടർന്ന് ഇരു സൈനിക വിഭാഗവും അതിർത്തിയിൽ സാന്നിധ്യം വർധിപ്പിച്ചു. അതിനിടെയാണ് ലഡാക്കിലും ചൈനീസ് അതിക്രമം ഉണ്ടായത്.

തർക്കമേഖലയിലാണു പാൻഗോങ് തടാകം സ്‌ഥിതി ചെയ്യുന്നത്. നിയന്ത്രണരേഖ കടന്നുപോകുന്നതു തടാകത്തിലൂടെയാണ്. നിയന്ത്രണരേഖയിൽ നിന്ന് 20 കി.മീ കിഴക്ക് ഇന്ത്യ അവകാശപ്പെടുന്ന ഭാഗം ചൈനീസ് നിയന്ത്രണത്തിലാണ്. തടാകത്തിന്റെ കിഴക്കേ അറ്റം ടിബറ്റിൽ. ഈ ഭാഗത്തിനുമേൽ ഇന്ത്യ അവകാശവാദം ഉന്നയിക്കുന്നില്ല. തടാകത്തിന്റെ പടിഞ്ഞാറേ അറ്റത്തെച്ചൊല്ലിയും തർക്കമില്ല. ലഡാക്കിൽ 13,900 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ ആകെ നീളം 134 കിലോമീറ്ററാണ്. തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed