ബിഹാറിൽ കനത്ത പ്രളയം : മരിച്ചവരുടെ എണ്ണം 56 ആയി


പാട്ന : ബിഹാറിൽ കനത്ത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി. 13 ജില്ലകളിലായി 69.89 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. രണ്ടാം തവണയും വ്യോമനിരീക്ഷണം നടത്തി മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥിതിഗതികൾ വിലയിരുത്തി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് അറാറിയ ജില്ലയെയാണെന്നു ദുരന്തനിവാരണ മാനേജ്മെന്റ് സ്പെഷൽ സെക്രട്ടറി അനിരുദ്ധ് കുമാർ അറിയിച്ചു. ഇവിടെ മാത്രം 20 പേർ മരിച്ചു.

1070 പഞ്ചായത്തുകളിലായി 69.81 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഏറ്റവും ഒടുവിൽ മുസാഫർപൂരാണ് പ്രളയക്കെടുതിയിൽപ്പെട്ടത്. 1.61 ലക്ഷം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിൽ, 85,949 പേരെ 343 ദുരിതാശ്വാത കേന്ദ്രങ്ങളിലേക്ക് എത്തിച്ചുവെന്നും പ്രത്യേക സെക്രട്ടറി അറിയിച്ചു. പ്രളയബാധിതർക്ക് ആവശ്യമായ എല്ലാ സാഹയവും സർക്കാർ നൽകുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നിതീഷ് കുമാർ വ്യക്തമാക്കി. വടക്കൻ ബിഹാറിലെ നദികളെല്ലാം അപകടകരമായ രീതിയിൽ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേന ഹെലികോപ്ടറുകളും സൈന്യവും വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിനു പുറമേ, നാലു ദിവസങ്ങളായി കനത്ത മഴ തുടരുന്ന ബംഗാള്‍, അസം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം നിശ്ചലമായി. ട്രെയിനുകൾ റദ്ദാക്കിയെന്നും ഗതാഗതം നിർത്തിവയ്ക്കുമെന്നും അധികൃതർ അറിയിച്ചു. നേപ്പാളിലും ബിഹാറിലും നിർത്താതെ പെയ്യുന്ന മഴയാണ് മേഖലയെ പ്രളയക്കെടുതിയിലാക്കുന്നത്. ബംഗാളിലും അസമിലും മേഘാലയയിലും കനത്തമഴ ബുധനാഴ്ച കൂടി തുടരുമെന്നാണു കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed