തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി
ഷീബ വിജയൻ
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ച കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർഥിയെന്ന് അറസ്റ്റിലായ എസ്. ശ്രീഹരിയുടെ മൊഴി. നിലവിൽ ഒളിവിലുള്ള വിദ്യാർഥിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പൂർവ വിദ്യാർഥികളടങ്ങുന്ന വൻ റാക്കറ്റ് ആണ് മോർഫിംഗിന് പിന്നിലെന്നും മൊഴിയിൽ പറയുന്നു. ബിബിഎ വിദ്യാർഥിയായ ശ്രീഹരിയും എട്ടു വിദ്യാർഥികളും അടങ്ങുന്ന ഒരു ടെലിഗ്രാം ഗ്രൂപ്പിലും പതിനായിരത്തോളം പേർ അംഗങ്ങളായ മറ്റൊരു ടെലിഗ്രാം ഗ്രൂപ്പിലുമാണ് മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിച്ചത്.
രണ്ടാമത്തെ ഗ്രൂപ്പിൽ മറ്റ് കോളജുകളിലെ വിദ്യാർഥികളുമുണ്ട്. ഈ ടെലിഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈബർ പോലീസ്.
സുഹൃത്തുക്കളുടെ ചതിക്കണി: തൃക്കാക്കര മോർഫിംഗ് കേസിന് പിന്നിൽ സഹപാഠി
കോളജിൽ ചടങ്ങുകൾ നടക്കുമ്പോൾ ശ്രീഹരിയായിരുന്നു പ്രധാന ഫോട്ടോഗ്രാഫർ. സഹപാഠികളിൽ ചിലർ ശ്രീഹരിയെ കൊണ്ട് ഫോട്ടോ എടുപ്പിക്കാറുണ്ടെന്നും അതിൽ ചില ചിത്രങ്ങൾ മോർഫ് ചെയ്തു വിറ്റതിൽ ഉണ്ടെന്നുമാണ് സംശയം. കോളജിന് പുറത്തുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും ശ്രീഹരി മോർഫ് ചെയ്ത കൂട്ടത്തിലുണ്ട്. സമൂഹമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം.
ചില ചിത്രങ്ങൾ ശ്രീഹരി നേരിട്ട് മോർഫ് ചെയ്യാതെ മറ്റു ചിലർക്ക് അയച്ചു നൽകി, അവർ മോർഫ് ചെയ്തു തിരികെ അയച്ചു കൊടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ മേൽനോട്ടത്തിൽ, തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ എസ്. സനൽ തലവനായ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബർ പോലീസ് വിദഗ്ധരും സംഘത്തിലുണ്ട്.
aa

