കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാപക പരിശോധന: നിരവധി നിയമലംഘകർ പിടിയിൽ
ഷീബ വിജയൻ
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ-സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി പേർ പിടിയിലായി. നിയമലംഘകരെ പിടികൂടുന്നതിനും രാജ്യത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫർവാനിയ, ഖൈത്താൻ, റിഗ്ഗൈ മേഖലകളിലായിരുന്നു ശക്തമായ സുരക്ഷാ പരിശോധന. ഫർവാനിയ, ഖൈത്താൻ എന്നിവിടങ്ങളിൽ വിവിധ കേസുകളിലെ 64 പേരെയും, കാലാവധി കഴിഞ്ഞ റസിഡൻസിയുള്ള 47 പേരെയും പിടികൂടി. തിരിച്ചറിയൽ രേഖകളില്ലാത്ത നാല് പേരെയും അറസ്റ്റ് ചെയ്തു. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് 407 പിഴകളും ചുമത്തി.
റിഗ്ഗൈയിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 36 പേരാണ് അറസ്റ്റിലായത്. ഇവരിൽ കാലാവധി കഴിഞ്ഞ റസിഡൻസിയുള്ള 13 പേരും, ഒളിവിലായിരുന്ന 12 പേരും ഉൾപ്പെടുന്നു. റസിഡൻസി നിയമലംഘനങ്ങൾ, സിവിൽ കേസുകൾ, ലഹരിമരുന്ന് കേസുകൾ എന്നിവയിലും അറസ്റ്റ് രേഖപ്പെടുത്തി. ലൈസൻസില്ലാത്ത മരുന്നുകൾ വിൽപന നടത്തിയ ഒരാളെയും പിടികൂടി. കോടതി ഉത്തരവിലുള്ള ഒരു വാഹനവും പിടിച്ചെടുത്തു. രാജ്യത്തുടനീളം സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
xzcxcxcxz

