മോർഫിങ് കേസ്: വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്താനും കൂടുതൽ എഫ്.ഐ.ആർ ഇടാനും പൊലീസ്


ഷീബ വിജയൻ

തിരുവനന്തപുരം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പരാതിക്കാരായ എല്ലാ വിദ്യാർഥികളുടെയും മൊഴി രേഖപ്പെടുത്താനും കൂടുതൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാനും പൊലീസ് തീരുമാനിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ പ്രതി ആബേലിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത പൊലീസ് പ്രതിക്ക് ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൂടുതൽ വിദ്യാർഥികൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി. 13-ഓളം വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ടെന്നും, അതിനാൽ ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം.

പ്രതിഷേധത്തിനിടെ പരാതി നൽകാൻ സ്റ്റേഷനുള്ളിൽ കയറിയ വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ പൊലീസ് പകർത്തിയെന്നാരോപിച്ച് വിദ്യാർഥികൾ അക്രമാസക്തരായെങ്കിലും, തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ പരാതിക്കാരിയുടെ ദൃശ്യങ്ങൾ അറിയാതെ ഉൾപ്പെട്ടതാണെന്ന് പൊലീസ് വിശദീകരിച്ചു. തുടർന്ന് വിദ്യാർഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു.

പ്രതിഷേധം ശക്തമായതോടെ മുഴുവൻ പേരുടെയും പരാതികൾ കേൾക്കാൻ പൊലീസ് തയാറാവുകയും വ്യാഴാഴ്ച രണ്ട് എഫ്.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൂടുതൽ പരാതികൾ ലഭിച്ചാൽ അവയും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് പുലർച്ചെയോടെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു.

article-image

cvxcvcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed