ലഹരിക്കെതിരെയുള്ള പോരാട്ടം: ഓട്ടോറിക്ഷ ഡ്രൈവർമാർ ഇനി 'തൂഫാൻ വാരിയേഴ്സ്'
ഷീബ വിജയൻ
തിരുവനന്തപുരം: ലഹരിക്കെതിരെ നടക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ ശക്തരായ പ്രചാരകരാകാൻ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കഴിയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരെ 'തൂഫാൻ വാരിയർമാരാ'യി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ലഭിക്കുന്ന വിവരങ്ങൾ പൊലീസിൽ അറിയിച്ചാൽ സമൂഹത്തെ കാർന്നുതിന്നുന്ന വലിയ വിപത്തിൽനിന്ന് രക്ഷനേടാനാകും. കാക്കി അണിയുന്നവരാണ് ഡ്രൈവർമാരും പൊലീസുകാരും. പരസ്പരം സുഹൃത്തുക്കളായി മാറാൻ ഇരുകൂട്ടർക്കും കഴിയണമെന്നും, അനാവശ്യ കാര്യങ്ങളിൽ ഓട്ടോറിക്ഷ തൊഴിലാളികളെ പൊലീസ് ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി.
സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് തുറന്ന ജീപ്പിൽ, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ അകമ്പടിയോടെയാണ് ആഭ്യന്തര മന്ത്രി ഉദ്ഘാടന ചടങ്ങിലേക്ക് എത്തിയത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും മന്ത്രിയെ അനുഗമിച്ചു. ചടങ്ങിൽ ഡ്രൈവർമാർക്ക് തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണം ചെയ്യുകയും ഓട്ടോറിക്ഷകളിൽ തൂഫാൻ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ, ഡി.സി.പിമാർ, മറ്റ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
adsadsadsdsa

