വ്യാജപ്രചാരണങ്ങളിൽ മനംനൊന്ത് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി പി.കെ. ശ്രീമതി
ഷീബ വിജയൻ
തിരുവനന്തപുരം: തനിക്കെതിരെ ചില ദൃശ്യമാധ്യമങ്ങളും യൂട്യൂബ് ചാനലുകളും തുടർച്ചയായി അടിസ്ഥാനരഹിതവും അസംബന്ധവുമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. വ്യക്തിഹത്യയിലും വ്യാജപ്രചാരണങ്ങളിലും മനംനൊന്ത് തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് മുൻപിൽ സംസാരിക്കവെ അവർ വിതുമ്പി.
തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അപമാനിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്ന് അവർ വ്യക്തമാക്കി. ഇതിനായുള്ള തെളിവുകൾ ശേഖരിച്ച് വക്കീലിന് കൈമാറിക്കഴിഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനം ടിവി, കർമ, ഭാരത് ലൈവ് എന്നീ യൂട്യൂബ് ചാനലുകൾ, കണ്ണൂരിലെ 'സുദിനം' സായാഹ്ന പത്രം എന്നിവയിലൂടെയാണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്. ഇല്ലാത്ത ഒരു വ്യക്തിയുടെ പേരിലാണ് നിലവിൽ വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.ആർ. കൃഷ്ണൻ എന്നൊരു എം.എൽ.എ ഉണ്ടെന്നും, ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് താൻ നിയമസഭയിൽ നിന്നുള്ള ഫാമിലി പെൻഷൻ കൈപ്പറ്റുന്നു എന്നുമാണ് പുതിയ പ്രചാരണം. എന്നാൽ പാലക്കാടോ തൃശൂരോ ഇത്തരമൊരു എം.എൽ.എ ഇല്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
50 വർഷമായി പൊതുരംഗത്തുള്ള തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ ചമച്ചുവിടുന്നതെന്ന് അവർ പറഞ്ഞു. ഇതിനുമുമ്പും പല ഘട്ടങ്ങളിലും രാഷ്ട്രീയ ശത്രുക്കൾ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ടെന്നും, മുൻപ് ആരോപണം ഉന്നയിച്ചപ്പോൾ നൽകിയ കേസിനെ തുടർന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ പരസ്യമായി മാപ്പുപറഞ്ഞിരുന്നുവെന്നും അവർ ഓർമിപ്പിച്ചു.
കോവിഡ് കാലത്ത് തന്റെ മകൻ ഓക്സിജൻ പ്ലാന്റിലെ ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കാൻ പൂഴ്ത്തിവെച്ചു എന്ന് ആരോപിച്ചതിനെതിരെ കേസ് കൊടുത്തിരുന്നെങ്കിലും, പിന്നീട് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസ് ഗുരുതര രോഗബാധിതനായപ്പോൾ കേസ് നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അവർ വ്യക്തമാക്കി. തനിക്കോ കുടുംബത്തിനോ ഒരു ഓക്സിജൻ പ്ലാന്റുമില്ലാതിരുന്നിട്ടും അത്തരം ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഒരു മാധ്യമപ്രവർത്തകൻ പോലും വസ്തുത അന്വേഷിച്ച് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
asasdadsads

