കേസ് വൈകിപ്പിക്കാൻ അൻസിബയുടെ നീക്കം; വ്യക്തിവൈരാഗ്യം തീർക്കാൻ ശ്രമം; ശ്വേത മേനോന്‍ കോടതിയില്‍


ഷീബ വിജയൻ

കൊച്ചി: അഡ്‌ഹോക് കമ്മിറ്റി കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബ ഹസന് അവകാശമില്ലെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കി. അന്‍സിബ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരത്തെ തുടര്‍ന്നാണ് അന്‍സിബയുടെ നീക്കമെന്നും ശ്വേത എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

അഡ്‌ഹോക് കമ്മിറ്റി അംഗമല്ലാത്തതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ശ്വേതയുടെ വാദം. അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടിക്കെതിരെ മാത്രമാണ് തന്‍റെ പരാതി. 'അമ്മ' പ്രസിഡന്‍റ് ആയി തുടരാനുള്ള അവകാശം സംരക്ഷിക്കാനായാണ് താന്‍ ഈ കേസ് നല്‍കിയതെന്നും സത്യവാഗ്മൂലത്തില്‍ പറയുന്നു.

കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അന്‍സിബ ശ്രമിക്കുന്നത്. അതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ തള്ളണം. ശ്വേത തെറ്റായ രേഖകള്‍ നല്‍കിയെന്നാണ് കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷയില്‍ ആരോപിക്കുന്നത്. എന്നാൽ തെറ്റായ യാതൊരു രേഖകളും താന്‍ നല്‍കിയിട്ടില്ലെന്ന് ശ്വേത വ്യക്തമാക്കി.

അതേസമയം, അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് രമേഷ് പിഷാരടിയും കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed