പി.എസ്.സി പരീക്ഷാ തട്ടിപ്പ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്
ശാരിക
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ ക്രമക്കേടിലാണ് ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പി.എസ്.സി ഉദ്യോഗസ്ഥര്‍ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആസൂത്രണ ബോർഡ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കൂടുതൽ ഉന്നതർക്ക് പരീക്ഷാതട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ.
മൂല്യനിർണയത്തിലുണ്ടായ വീഴ്ച സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 54 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് മൂല്യനിര്‍ണയം നടത്താത്തതെന്ന കാര്യമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് കേസെടുത്തത്.
അതിനിടെ നിത്യേന പുതിയ പരാതികൾ ലഭിക്കുന്നതും എസ്.ഐ.ടിക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പി.എസ്.സി വഴി നടന്ന മിക്ക പരീക്ഷകളിലും ക്രമക്കേട് നടന്നെന്ന നിലയിലുള്ള പരാതികളും തെളിവുകളുമാണ് എസ്.ഐ.ടിക്ക് ലഭിക്കുന്നത്. നിലവിൽ മൂന്ന് വകുപ്പുകളുമായി ബന്ധപ്പെട്ട പരീക്ഷാക്രമക്കേടിലാണ് അന്വേഷണം ആരംഭിച്ചത്.
േ്ിേി

