സബ് ഇൻസ്പെക്ടർ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദ്ദേശവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഷീബ വിജയൻ
തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ (എസ്ഐ) റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള റാങ്ക് ലിസ്റ്റിൽപ്പെടുന്ന 43 ഉദ്യോഗാർത്ഥികൾക്കാണ് ഈ നിർദ്ദേശത്തിലൂടെ നിയമനം ലഭ്യമാകുക. ജൂൺ 9-ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുന്നത്. 2025 ജൂൺ ഒൻപതിനാണ് പിഎസ്‌സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂൺ ഒൻപതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ നിർണ്ണായക ഇടപെടൽ. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും എസ്ഐ റാങ്ക് പട്ടികയ്ക്ക് ഈ ഉത്തരവ് ബാധകമായിരുന്നില്ല. ഇതോടെ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയിലായ ഉദ്യോഗാർത്ഥികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ നിവേദനം സമർപ്പിക്കുകയായിരുന്നു. ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും പരാതിയിൽ അടിയന്തിര നടപടിയുണ്ടാകണമെന്നും വ്യക്തമാക്കി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
sawdasdaswsad

