തടവുകാരോട് ലൈംഗിക അതിക്രമം; ഇസ്രായേലിനെയും റഷ്യയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന
ഷീബ വിജയൻ
ന്യൂയോർക്ക്: തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയതിന് ഇസ്രായേലിനെയും റഷ്യയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന (യുഎൻ). യുദ്ധമേഖലകളിൽ ലൈംഗിക അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ ഔദ്യോഗിക കരിമ്പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയത്. യുഎൻ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സംഘർഷങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യുഎൻ രക്ഷാസമിതിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇരുരാജ്യങ്ങൾക്കുമെതിരെ ഗുരുതര കണ്ടെത്തലുകളുള്ളത്. ലോകമെമ്പാടുമുള്ള യുദ്ധമേഖലകളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം വർധിച്ചതായി യുഎൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ വ്യക്തമാക്കി. ഫലസ്തീൻ മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഇസ്രായേൽ സൈന്യം ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നും, തടവറകളിലും ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും വെച്ച് ക്രൂരമായ പീഡനങ്ങൾ നടന്നെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം യുക്രെയ്നിൽ റഷ്യൻ സൈന്യം 310 ലൈംഗിക അതിക്രമ കേസുകൾ നടത്തിയതായാണ് യുഎൻ സ്ഥിരീകരിച്ചത്. ഗുഹ്യഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കുക, ക്രൂരമായി മർദ്ദിക്കുക തുടങ്ങിയ പീഡനമുറകളാണ് റഷ്യൻ സൈന്യം അവലംബിച്ചത്. ഹമാസ് എന്ന ഭീകരസംഘടനയുടെ അതേ തലത്തിൽ ജനാധിപത്യ രാജ്യമായ ഇസ്രായേലിനെ പ്രതിക്കൂട്ടിൽ നിർത്തിയത് കടുത്ത അനാദരവാണെന്ന് ഇസ്രായേൽ യുഎൻ അംബാസഡർ ഡാനി ഡാനൻ പറഞ്ഞു. യുഎസിലെ യുഎൻ അംബാസഡർ മൈക്ക് വാൾട്സും ഇസ്രായേലിനെ പിന്തുണച്ചപ്പോൾ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ യുഎൻ നടപടിയെ സ്വാഗതം ചെയ്തു. ഈ പട്ടിക അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിലുള്ള പ്രതിച്ഛായ നഷ്ടത്തിന് കാരണമാകും.
asdasasasd

