അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം; അമ്മയ്ക്ക് 30 ലക്ഷം നഷ്ടപരിഹാരം
ഷീബ വിജയൻ
അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഉയർത്തി ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതി നേരത്തെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്ന 2 മുതൽ 15 വരെയുള്ള പ്രതികൾക്കാണ് (11, 16 ഒഴികെ) ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു. കേസിലെ രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് കടുത്ത ശിക്ഷ ലഭിച്ചത്. അതേസമയം, പതിനാറാം പ്രതി മുനീറിന്റെ ശിക്ഷ മൂന്ന് മാസത്തിൽ നിന്ന് ഒരു വർഷമായി കോടതി ഉയർത്തി. എന്നാൽ, തെളിവുകളില്ലെന്ന് കണ്ടെത്തി ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണക്കോടതി നേരത്തെ നാലാം പ്രതിയെയും പതിനൊന്നാം പ്രതിയെയും വെറുതെവിട്ട നടപടി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
aAAASAS

