പുതുവർഷലഹരിയിൽ കൊച്ചി; ഫോർട്ട് കൊച്ചിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
ഷീബ വിജയൻ
കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. കൊച്ചിൻ കാർണിവലിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ അങ്ങോളമിങ്ങോളം അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ചുമതലയ്ക്കായി 1,200 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇതിൽ 13 ഡി.വൈ.എസ്.പിമാരും 28 ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് സിറ്റി പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരങ്ങളിൽ പാർക്കിംഗ് നിരോധിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വൈപ്പിനിൽ നിന്നുള്ള റോ-റോ ജങ്കാർ സർവീസ് വാഹനങ്ങൾക്കായി വൈകിട്ട് നാല് മണി വരെയും യാത്രക്കാർക്കായി ഏഴ് മണി വരെയും മാത്രമേ ലഭ്യമാകൂ. ആഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്കായി ബസ് സർവീസുകൾ പുലർച്ചെ മൂന്ന് മണി വരെയും മെട്രോ ട്രെയിൻ രണ്ട് മണി വരെയും വാട്ടർ മെട്രോ നാല് മണി വരെയും സർവീസ് നടത്തും. തിരക്ക് പരിഗണിച്ച് ബയോ ടോയ്‌ലറ്റുകളും മെഡിക്കൽ എയ്ഡ് പോസ്റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
fgdfsfds
