എൻ്റെ പൊന്നേ!; പവന് 97,000 പിന്നിട്ടു, ഒറ്റയടിക്ക് കൂടിയത് 2,440 രൂപ

ഷീബ വിജയൻ
കൊച്ചി I സംസ്ഥാനത്ത് പൊന്നിന് പൊന്നുംവില. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. ഇന്ന് ഗ്രാമിന് 305 രൂപയും പവന് 2,440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അതേസമയം, 18 കാരറ്റ് സ്വര്‍ണവും ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,000 രൂപ കടന്നു. ഗ്രാമിന് 245 രൂപ ഉയർന്ന് 10,005 രൂപയിലെത്തി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുതിപ്പ് തുടരുകയാണ്. ഇന്ന് രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 196 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
FSDFADSAD