സ്കൂൾ നിയമങ്ങൾ പാലിച്ച് വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകും: സെന്റ്. റീത്താസ് സ്കൂൾ പ്രിൻസിപ്പൽ

ഷീബ വിജയൻ
കൊച്ചി I സ്കൂൾ നിയമം പാലിച്ച് വിദ്യാർഥി വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയാറാണെന്ന് പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂൾ പ്രിൻസിപ്പൽ. കുട്ടിയെ പൂർണമനസോടെ സ്വീകരിക്കും. പാഠ്യപദ്ധതികൾക്ക് പുറമെ സാംസ്കാരിക മൂല്യങ്ങൾ കൂടി പഠിപ്പിക്കുന്ന സ്കൂൾ ആണിതെന്നും പ്രിൻസിപ്പൽ അവകാശപ്പെട്ടു. കോടതിയുടെ മുന്നിലിരിക്കുന്ന പല വിഷയങ്ങൾക്കും ഇപ്പോൾ മറുപടി നൽകുന്നില്ല. കോടതിയെയും സർക്കാരിനേയും എന്നും ബഹുമാനിച്ചാണ് മുന്നോട്ടുപോവുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. വിഷയത്തിൽ സ്കൂളുമായി സഹകരിച്ച എല്ലാവർക്കും നന്ദിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുകയാണെന്ന് പിതാവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രിൻസിപ്പലിന്റെ പ്രതികരണം. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും പിതാവ് പി.എം അനസ് പറഞ്ഞു. പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ താൻ പരാതി നൽകുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകൾക്ക് ഹിജാബ് ധരിച്ച് പോകാൻ മാനേജ്‌മെന്റ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ADSSADSA