മറ്റൊരാളെ കൊലപ്പെടുത്താനോ പരിക്കേൽപിക്കാനോ ഉപയോഗിക്കുന്നപക്ഷം മോട്ടോർ ബൈക്കും മാരകായുധത്തിന്‍റെ പരിധിയിൽവരും; ഹൈകോടതി


ശാരിക

കൊച്ചി: മറ്റൊരാളെ കൊലപ്പെടുത്താനോ പരിക്കേൽപിക്കാനോ ഉപയോഗിക്കുന്നപക്ഷം മോട്ടോർ ബൈക്കും മാകായുധത്തിന്‍റെ പരിധിയിൽവരുമെന്ന് ഹൈകോടതി. ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്ന വസ്തു ഏതായാലും അത് മാരകായുധമാണ്. പ്രണയത്തെ എതിർത്തതിന്‍റെ പേരിൽ പെൺസുഹൃത്തിന്‍റെ പിതാവിനെ ബൈക്കിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ തടവുശിക്ഷ റദ്ദാക്കാൻ കൊല്ലം പന്മന സ്വദേശി മനോജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം.

അതേസമയം, വിചാരണ കോടതി ഹരജിക്കാരന് വിധിച്ച ആറുമാസത്തെ സാധാരണ തടവുശിക്ഷ, കോടതി പിരിയുംവരെ മാത്രം തടവാക്കി ഇളവ് അനുവദിച്ചു.2005 മേയ് 11ന് രാത്രി ഇടപ്പള്ളിക്കോട്ട ജങ്ഷൻ - പന്മന ആശ്രമം പബ്ലിക് റോഡിലൂടെ പോകുമ്പോൾ ചവറ സ്വദേശിയെ ബൈക്കിടിപ്പിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയാണ് ഹരജിക്കാരൻ. കീഴ്ചുണ്ടിന് മുറിവേറ്റ് ചികിത്സയിലായ ചവറ സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. തന്‍റെ മകളുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്തതിലെ പ്രകോപനത്തെതുടർന്നാണ് ബൈക്കിടിപ്പിച്ചതെന്നായിരുന്നു പരാതി.

മാരകായുധങ്ങളുപയോഗിച്ച് മുറിവേൽപിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആറുമാസം സാധാരണ തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇത് ചോദ്യംചെയ്ത് അപ്പീൽ നൽകിയെങ്കിലും കൊല്ലം അഡീ. സെഷൻസ് മൂന്നാം കോടതി തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും ബൈക്ക് മാരകായുധമായി കണക്കാക്കിയിട്ടില്ലാത്തതിനാൽ ഹരജിക്കാരനെതിരെ ചുമത്തിയ വകുപ്പ് നിലനിൽക്കില്ലെന്നുമായിരുന്നു വാദം. എന്നാൽ, മാരകായുധങ്ങളായി മൂർച്ചയുള്ള ആയുധങ്ങൾ, വിഷം, പൊള്ളലേൽപിക്കുന്ന വസ്തുക്കൾ തുടങ്ങിയവയെയാണ് പൊതുവെ പറയുന്നതെങ്കിലും ഉപകരണം എന്ന വാക്കിന് വിശാല അർഥം ഉള്ളതായി കോടതി നിരീക്ഷിച്ചു.

ഉപയോഗിച്ച വസ്തു ഏതായാലും ലക്ഷ്യം കാണാൻ ഉപകരിച്ചിട്ടുണ്ടെങ്കിൽ അത് മാരകായുധമായി കണക്കാക്കാനാവുമെന്ന് സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.എന്നാൽ, സംഭവം നടന്നിട്ട് 20 വർഷമായി. വിചാരണയടക്കം നടപടികളുമായി ഹരജിക്കാരൻ കഠിന പരീക്ഷണം നേരിടുകയും ചെയ്തു. പരാതിക്കാരന്‍റെ മകൾ വിവാഹിതയായി സമാധാനജീവിതം നയിക്കുകയാണ്. മുറിവ് ചെറുതായിരുന്നെന്ന് സാക്ഷിമൊഴിയുമുണ്ട്. ഈ സാഹചര്യത്തിൽ ശിക്ഷ ഇളവിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പിരിയുംവരെ തടവായി ശിക്ഷ കുറച്ചത്. എന്നാൽ, 50,000 രൂപ നഷ്ടപരിഹാരമായി പരാതിക്കാരന് നൽകണമെന്ന് കോടതി നിർദേശിച്ചു.

article-image

dsaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed