കാറിടിപ്പിച്ച് കൊല; സി.ഐ.എസ്.എഫുകാരനെ രക്ഷപ്പെടാൻ സഹായിച്ചത് മറ്റൊരു ഉദ്യോഗസ്ഥൻ

ഷീബ വിജയൻ
കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരിൽ ഒരാളെ രക്ഷപ്പെടാൻ സഹായിച്ചത് മറ്റൊരു ഉദ്യോഗസ്ഥൻ. പ്രതിയായ മോഹൻകുമാറിനെയാണ് സി.ഐ.എസ്.എഫ് എസ്.ഐയായ മുതിർന്ന ഉദ്യോഗസ്ഥൻ സഹായിച്ചത്. തൊട്ടടുത്ത ദിവസം പ്രതിക്ക് ഡ്യൂട്ടിയില്‍ കയറാനും ഇയാൾ അനുമതി നൽകി. ആരോപണ വിധേയനായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊലപാതകം മറച്ചുവെക്കാൻ ശ്രമം നടത്തിയെന്നതിന് തെളിവ് ലഭിച്ചാൽ ഈ എസ്.ഐക്കെതിരെയും നടപടി സ്വീകരിച്ചേക്കും. ഇയാൾക്കെതിരെ സി.ഐ.എസ്.എഫ് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
ഇരുപത്തിന്നാലുകാരനായ ഐവിന്‍ ജിജോ എന്ന യുവാവിനെയാണ് കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സബ് ഇൻസ്‌പെക്ടർ വിനയ്കുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നീ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. എസ്.ഐ വിനയ് കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവരെ ഈ മാസം 29 വരെയാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. സംഭവത്തില്‍ സി.ഐ.എസ്.എഫിന്റെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പ്രതികളെ സർവിസിൽ നിന്നും പിരിച്ചു വിടണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
cdvdds