ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേന്ദ്ര നേതൃത്വം ; വി.ഡി. സതീശൻ

ഷീബ വിജയൻ
തിരുവന്തപുരം: ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രനേതൃത്വം പറയുന്നത് അനുസരിക്കുമെന്നും വി.ഡി. സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങളോട് വിശദീകരിക്കുന്ന സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. “ശശി തരൂർ കോൺഗ്രസിന്‍റെ പ്രവർത്തക സമിതി അംഗമാണ്. ഞങ്ങളൊക്കെ അദ്ദേഹത്തിന്‍റെ താഴെ നിൽക്കുന്ന ആളുകളാണ്. അദ്ദേഹത്തിന്‍റേത് വലിയ പദവിയാണ്. അതിനാൽ കമന്‍റു പറയാൻ ഞങ്ങൾക്കാകില്ല. കേന്ദ്ര നേതൃത്വമാണ് അതിൽ നിലപാട് വ്യക്തമാക്കേണ്ടത്. അത് എന്തുതന്നെ ആയാലും ആ അഭിപ്രായത്തോട് ഞങ്ങൾ യോജിക്കും” -വി.ഡി. സതീശൻ വ്യക്തമാക്കി.
സർവ കക്ഷി സംഘത്തിലേക്ക് സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം കോൺഗ്രസ് നിർദേശിച്ച ആനന്ദ് ശർമ, ഗൗരവ് ഗോഗോയ്, സയ്യിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരിൽപ്പെടാത്ത ശശി തരൂരിനെ കോൺഗ്രസ് പ്രതിനിധിയെന്ന നിലക്ക് ഒരു സംഘത്തിന്റെ നേതാവായി പ്രഖ്യാപിക്കുകയും പാർട്ടിയെ അറിയിക്കാതെ തരൂർ അതു സ്വീകരിച്ചതുമാണ് ഭിന്നത രൂക്ഷമാക്കിയത്. ഈയിടെയായി കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി നരേന്ദ്ര മോദി സർക്കാറിനെ പിന്തുണച്ചതിന് പാർട്ടിയുടെ താക്കീത് ഏൽക്കേണ്ടി വന്നതിനു പിന്നാലെയാണ് കോൺഗ്രസ് പട്ടിക മറികടന്ന് ശശി തരൂരിനെ യു.എസിലേക്കുള്ള സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ ചുമതലപ്പെടുത്തിയത്.
asasasas