യുഎസും ബ്രിട്ടനും യെമനിലെ ഹൂതികൾക്കെതിരേ സംയുക്ത വ്യോമാക്രമണം നടത്തി


യുഎസും ബ്രിട്ടനും യെമനിലെ ഹൂതി വിമതർക്കെതിരേ മൂന്നാമത്തെ സംയുക്ത വ്യോമാക്രമണം നടത്തി. ശനിയാഴ്ച രാത്രി യെമനിലെ 13 സ്ഥലങ്ങളിലായി 36 ലക്ഷ്യങ്ങൾ തകർത്തതായി യുഎസും ബ്രിട്ടനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ആയുധ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപിണികൾ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ മുതലായവയാണ് ലക്ഷ്യമിട്ടത്. യെമന്‍റെ ഉൾപ്രദേശത്തും തീരപ്രദേശത്തും ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ അമേരിക്കൻ സേനയുടെ ആക്രമണത്തിനിരയാകുന്ന മൂന്നാമത്തെ രാജ്യമാണ് യെമൻ. 

ജോർദാനിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടതിനു പ്രതികാരമായി ഇറാക്കിലെയും സിറിയയിലെയും ഇറേനിയൻ കേന്ദ്രങ്ങളിൽ യുഎസ് സേന വെള്ളിയാഴ്ച രാത്രി ആക്രമണം നടത്തിയിരുന്നു. ചെങ്കടലിലെ ചരക്കുകപ്പലുകൾ ആക്രമിക്കുന്നതിൽനിന്നു ഹൂതികളെ പിന്തിരിപ്പിക്കാനാണ് യുഎസും ബ്രിട്ടനും യെമനിൽ ആക്രമണം തുടരുന്നത്. ഇറാന്‍റെ പിന്തുണയോടെ യെമന്‍റെ പ്രധാന ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾ, പലസ്തീൻ ജനതയ്ക്കുവേണ്ടിയാണ് കപ്പലുകൾ ആക്രമിക്കുന്നതെന്നു പറയുന്നു. അമേരിക്കയ്ക്കും ബ്രിട്ടനും ശക്തമായ തിരിച്ചടി നല്കുമെന്നാണു കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനു പിന്നാലെ ഹൂതികൾ പ്രതികരിച്ചത്.

article-image

sgfsg

You might also like

  • Straight Forward

Most Viewed