എക്സിന്‍റെ പരസ്യവരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക് നൽകുമെന്ന് ഇലോൺ മസ്ക്


സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്‍റെ (പഴയ ട്വിറ്റർ) പരസ്യവരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച് ഉടമയും ലോകകോടീശ്വരനുമായ ഇലോൺ മസ്ക്. ഗസ്സയിലെ റെഡ് ക്രോസ്, റെഡ് ക്രസന്‍റ് ഏജൻസികൾക്കും ഇസ്രായേലിലെ ആശുപത്രികൾക്കും തുക കൈമാറുമെന്ന് എക്സ് പോസ്റ്റിൽ മസ്ക് പറഞ്ഞു. യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിൽ നിന്ന് എക്സിന് ലഭിക്കുന്ന പരസ്യവരുമാനവും വരിക്കാരിൽ നിന്നുള്ള വരുമാനവുമാണ് ആശുപത്രികൾക്ക് നൽകുകയെന്ന് മസ്ക് വ്യക്തമാക്കി. കൈമാറുന്ന തുക ചെലവഴിക്കുന്നത് എങ്ങിനെയെന്ന് നിരീക്ഷിക്കും. വംശത്തിന്‍റെയും മതത്തിന്‍റെയോ മറ്റെന്തിന്‍റെയെങ്കിലുമോ അതിർവരമ്പുകൾക്കപ്പുറം നിരപരാധികളായ ജനങ്ങളെ കുറിച്ച് നമുക്ക് കരുതൽ ഉണ്ടായിരിക്കണമെന്നും മസ്ക് പറഞ്ഞു. നേരത്തെ, ഇസ്രായേൽ വിരുദ്ധത ആരോപിച്ച് ആപ്പിൾ അടക്കമുള്ള വൻകിട ഭീമൻമാർ എക്സിനുള്ള പരസ്യം പിൻവലിക്കുന്ന സംഭവമുണ്ടായിരുന്നു. ഐ.ടി ഭീമൻ ഐ.ബി.എമ്മും മാധ്യമ കമ്പനി ഡിസ്നിയും പരസ്യങ്ങൾ പിൻവലിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടും. അഡോൾഫ് ഹിറ്റ്ലറിനേയും നാസികളേയും പ്രകീർത്തിക്കുന്ന പോസ്റ്റുകൾക്കിടയിൽ ആപ്പിളിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പരസ്യം പിൻവലിക്കൽ.   എക്സിൽ മറ്റൊരാളുടെ ജൂതവിരുദ്ധ പരാമർശത്തിന് മസ്ക് പിന്തുണ നൽകിയെന്നതും പരസ്യം പിൻവലിക്കലിന് കാരണമായി. ‘ജൂത ജനതക്ക് വെളുത്ത മനുഷ്യരോട് ഒരുതരം ‘വൈരുധ്യാത്മക വെറുപ്പ്’ ആണെന്ന ഒരാളുടെ പരാമർശം മസ്ക് ശരിവെക്കുകയായിരുന്നു. 

വൈറ്റ്ഹൗസ് അടക്കം ഇതിനെതിരെ രംഗത്തുവന്നു. അതേസമയം, മാധ്യമങ്ങൾ നൽകിയ വ്യാജ വാർത്തകളാണ് തന്നെ സെമിറ്റിക് വിരുദ്ധനാക്കിയതെന്ന് മസ്ക് വിശദീകരിച്ചിരുന്നു. വിവാദം പടർന്നതിനുപിന്നാലെ നിലപാട് വ്യക്തമാക്കി എക്സ് രംഗത്തെത്തിയിരുന്നു. ‘‘സെമിറ്റിക് വിരുദ്ധതക്കും വിവേചനത്തിനുമെതിരായ പോരാട്ടത്തിൽ എക്സ് നിലപാട് കൃത്യവും പൂർണവുമാണ്. ഇതേ വ്യക്തതയുടെ ഭാഗമായി ഏതു സമൂഹത്തെയും വംശഹത്യ നടത്തുന്നതിനായി വാദിക്കുന്നവരെ ഈ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽനിന്ന് പുറത്താക്കും’’− എന്നായിരുന്നു എക്സ് സി.ഇ.ഒ യക്കാറിനോയുടെ വാക്കുകൾ. ഗസ്സക്ക് ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് വാഗ്ദാനം ചെയ്തും മസ്ക് നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഗസ്സയിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെതുടർ‍ന്ന് ഇന്റർ‍നെറ്റ് സംവിധാനം പൂർ‍ണമായും തകർ‍ന്നിരുന്നു. ഈ സാഹചര്യത്തിൽ സാറ്റലൈറ്റ് വഴിയുള്ള സ്റ്റാർ‍ലിങ്ക് ഇന്റർ‍നെറ്റ് ഗസ്സയിലെ ചാരിറ്റി സംഘടനകൾ‍ക്ക് ഒരുക്കുമെന്നായിരുന്നു മസ്കിന്‍റെ വാഗ്ദാനം. എന്നാൽ, ഇതിനെതിരെ രൂക്ഷ എതിർപ്പുമായി ഇസ്രായേൽ രംഗത്തെത്തി. ഇന്റർനെറ്റ് ലഭ്യമാക്കിയാൽ സ്റ്റാർലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്നാണ് ഇസ്രായേൽ വിദേശകാര്യമന്ത്രി പ്രസ്താവിച്ചത്. നേരത്തെ, റഷ്യൻ അധിനിവേശ സമയത്ത് യുക്രെയ്നിൽ മസ്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed