ധാർമിക പിന്തുണയല്ല വേണ്ടത്: ആയുധ സഹായം വൈകുന്നതിൽ നിരാശനായി വൊളോദിമിർ

പാശ്ചാത്യൻ സഖ്യരാജ്യങ്ങൾ ആയുധം നൽകുന്നത് വൈകുന്തോറും യുദ്ധഭൂമിയിൽ തങ്ങൾ കൊല്ലപ്പെടുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
‘പ്രചോദനവും ധാർമിക പിന്തുണയുമല്ല യുക്രെയ്ന് വേണ്ടത്. പൊരുതാനുള്ള ആയുധങ്ങളാണ്. അവർ നൽകിയാൽ ഞങ്ങളും നൽകാം എന്ന രീതിയിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നത് നിരാശജനകമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ന് അത്യാധുനിക ആയുധങ്ങൾ നൽകുന്നത് സംബന്ധിച്ച് ഈ ആഴ്ച ചർച്ചചെയ്യുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് കഴിഞ്ഞ ദിവസം പറഞ്ഞു. പാശ്ചാത്യൻ രാജ്യങ്ങൾ പിന്തുണയും ആയുധ സഹായവും നൽകുന്നുണ്ടെങ്കിലും അത് യുക്രെയ്ൻ ആഗ്രഹിക്കുന്ന രീതിയിൽ ആയിട്ടില്ല.
ജർമനിയിൽനിന്ന് ലിയോപാർഡ് 2 ടാങ്കുകളും അമേരിക്കയിൽനിന്ന് അബ്രാംസ് ടാങ്കുകളുമാണ് യുക്രെയ്ൻ ആഗ്രഹിക്കുന്നത്. ജർമനി, ബ്രിട്ടൻ, അമേരിക്ക, പോളണ്ട് തുടങ്ങിയ സഖ്യരാജ്യങ്ങളിൽനിന്ന് കരുത്തുറ്റ ആയുധങ്ങൾ ലഭിക്കുന്നത് കാത്തിരിക്കുകയാണ് യുക്രെയ്ൻ.
ആഭ്യന്തര രാഷ്ട്രീയ സമ്മർദങ്ങളും റഷ്യയുമായി പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് പോകാനുള്ള വിമുഖതയും കാരണം കരുതലോടെയാണ് രാജ്യങ്ങളുടെ നീക്കം. സ്വീഡൻ, എസ്തോണിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ യുക്രെയ്ന് ആയുധ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ജർമനിയിലെത്തുന്ന യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ജർമൻ പ്രതിരോധ മന്ത്രിയുമായി യുക്രെയ്ന് ആയുധം നൽകുന്നത് സംബന്ധിച്ച് ചർച്ചചെയ്യും.
fgdfgdg