അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പാർക്ക്, ജിം പ്രവേശനം വിലക്കി താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ ജിം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി താലിബാൻ. അഫ്ഗാനിസ്ഥാനിലെ മുതിർന്ന താലിബാൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഒരു വർഷം മുമ്പ് അധികാരം ഏറ്റെടുത്ത താലിബാൻ, സ്ത്രീ സ്വാതന്ത്യത്തേയും അവകാശങ്ങളെയും അടിച്ചമർത്തുന്നതിന്റെ പുതിയ ഉദാഹരണമാണ് ജിം വിലക്ക്. 2021 ഓഗസ്റ്റിലാണ് താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത്. തുടർന്ന് പാർക്കുകളിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രവേശനമേർപ്പെടുത്തിയിരുന്നു. പെൺകുട്ടികളെ യുപി, ഹൈസ്‌കൂൾ പഠനത്തിൽ നിന്നും താലിബാൻ വിലക്കിയിട്ടുണ്ട്. ഇത് കൂടാതെ മിക്ക തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും പൊതു സ്ഥലങ്ങളിൽ തല മുതൽ കാൽ വരെ മറയുന്ന തരത്തിൽ വസ്ത്രം ധരിക്കണമെന്ന ഉത്തരവുമുണ്ട്.
ജിമ്മുകളിലേക്കും പാർക്കുകളിലേക്കും സ്ത്രീകൾക്ക് പൂർണമായും പ്രവേശനം വിലക്കിക്കൊണ്ടുളള ഉത്തരവ് ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ സ്ത്രീകൾ നിലവിലുള്ള നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നും പകരം നിയമലംഘനം നടത്തിയെന്നുമാണ് താലിബാന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. പാർക്കുകളിൽ മിക്കപ്പോളും സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് കാണാന്‍ ഇടയായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് തങ്ങൾ എത്തിയതെന്നും കൂടാതെ പ്രവേശനം വിലക്കിയ സ്ഥലങ്ങളിൽ സ്ത്രീകൾ എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. −
താലിബാന്റെ പുതിയ വിലക്കിനെതിരെ വിമർശനമുന്നയിച്ചുകൊണ്ട് കാബൂളിലെ ഒരു ജിം പരിശീലക രംഗത്തെത്തി. തന്റെ ജിമ്മിൽ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് വ്യായാമം ചെയ്യുകയോ പരിശീലനം നടത്തുകയോ ചെയ്തിരുന്നില്ലെന്ന് അവർ പ്രതികരിച്ചു. താലിബാൻ കളളം പറയുകയാണെന്നും അവർ ആരോപിച്ചു. പൊതു ഇടങ്ങളിലെ സ്ത്രീ പങ്കാളിത്തം തുടർച്ചയായി തുടച്ചുനീക്കാൻ ശ്രമിക്കുന്ന താലിബാൻ നീക്കത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും എല്ലാ അവകാശങ്ങളും സ്വാതന്ത്യങ്ങളും പുനസ്ഥാപിക്കണമെന്ന് താലിബാനോട് തങ്ങൾ ആവശ്യപ്പെടുന്നതായും യുഎൻ പ്രതിനിധി അലിസൺ ഡേവിഡിയൻ പറഞ്ഞു.
dryftu