കുടിയേറ്റക്കാരുടെ തിരക്ക്; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കുടിയേറ്റക്കാരുടെ തിരക്ക് കാരണം ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ തെക്കൻ അതിർത്തികളിൽ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായുള്ള ഷെൽറ്ററുകളടക്കം നിറഞ്ഞതോടെയാണ് മേയറുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം. ഇത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ന്യൂയോർക്ക് മേയർ സഹായം തേടിയിട്ടുണ്ട്. രാഷ്ട്രീയ താൽപര്യം മൂലം റിപ്പബ്ലിക്കൻ സ്റ്റേറ്റുകളിലെ ഉദ്യോഗസ്ഥർ കുടിയേറ്റക്കാരെ ന്യൂയോർക്കിലേക്ക് അയക്കുകയാണെന്നാണ് മേയർ ആഡംസ് ആരോപിക്കുന്നത്. ന്യൂയോർക്കിന്റെ മൂല്യങ്ങളും ഷെൽട്ടറിനായുള്ള നിയമങ്ങളും മുതലെടുക്കാനുള്ള ശ്രമങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ നഗരത്തിലെ ഷെൽട്ടറുകളിൽ ആളുകളെ താമസിപ്പിക്കാൻ ഇടമില്ലെന്നാണ് റിപ്പോർട്ട്. ഇരുപതിനായിരം കുട്ടികൾ അടക്കം 61,000 കുടിയേറ്റക്കാരാണ് നിലവിൽ ന്യൂയോർക്ക് നഗരത്തിലുള്ളത്.
നഗരത്തിലെ 42 ഹോട്ടലുകളെയാണ് നിലവിൽ ഷെൽട്ടറുകളാക്കി മാറ്റിയിരിക്കുന്നത്. നിരവധി കുടിയേറ്റക്കാരാണ് ന്യൂയോർക്കിലേക്കെത്തുന്നത്. നഗരത്തിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതലാണ് കുടിയേറ്റക്കാരുടെ എണ്ണം.
കുടിയേറ്റക്കാർക്കായി ഒരു ബില്യൺ ഡോളറിന്റെ പാർപ്പിട അടിസ്ഥാന വികസന പദ്ധതി നടപ്പിലാക്കുമെന്നും, ദുരിതാശ്വാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മേയർ എറിക് ആഡംസ് വാർത്താസമ്മേളനത്തിൽ അറിയിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൊണ്ടുള്ള ആഡംസിന്റെ നടപടി രാഷ്ട്രീയ നാടകമാണെന്ന് ഇതിനോടകം ആരോപണം ഉയർന്നിട്ടുണ്ട്. വരുന്ന നവംബറിലാണ് യു.എസ് മിഡ് ടേം തെരഞ്ഞടുപ്പ് നടക്കുന്നത്.
വെനസ്വല, ക്യൂബ, നിക്കാരഗ്വ അടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിൽ നിന്ന് യു.എസ് മെക്‌സിക്കോ അതിർത്തി വഴി ആളുകൾ നഗരത്തിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ന്യൂയോർക്കിലെ പൊതുവിദ്യാലയങ്ങളിൽ അടുത്തിടെയാണ് 5,500 കുടിയേറ്റ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്.
അതേസമയം ആഡംസിന്റെ പരാമർശം കാപട്യമാണെന്നാണ് ടെക്‌സസ് ഗവർണർ കാണുന്നത്. യു.എസ് മെക്‌സിക്കോ അതിർത്തിയിലെ നയം കടുപ്പിക്കണമെന്ന് ബൈഡനോട് ആവശ്യപ്പെടാൻ ടെക്‌സാസ് ഗവർണർ പറയുന്നു. ഫെഡറൽ, സ്റ്റേറ്റ് അധികൃതർ ന്യൂയോർക്കിനുള്ള സാന്പത്തിക സഹായം കൂട്ടണമെന്നും ആഡംസ് ആവശ്യപ്പെട്ടു.
cj