സാമ്പത്തിക പ്രതിസന്ധി; കുടുംബങ്ങളെയും കുട്ടികളെയും ഇഷ്ടിക ഫാക്ടറികളിൽ ജോലി ചെയ്യാൻ നിർബന്ധിച്ച് താലിബാൻ

അഫ്ഗാനിസ്താനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു. ഇഷ്ടിക ഫാക്ടറികളിൽ ജോലിക്ക് പോകാൻ നിർദേശിച്ച് ഭരണകൂടം. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരേയും ഇഷ്ടിക ഫാക്ടറികളിൽ പണിചെയ്യാൻ നിർബന്ധിക്കുകയാണ് താലിബാൻ. താലിബാൻ ഭരണകൂടം വന്നതിനു ശേഷം നിരവധി തൊഴിൽ സംരംഭങ്ങൾ പൂട്ടിപോയിരുന്നു. അവിടെയെല്ലാം തൊഴിൽ ചെയ്തിരുന്നവർ ഇന്ന് ഇഷ്ടിക ഫാക്ടറികളിൽ പണിയെടുക്കുകയാണ്.
മൂന്ന് ഇഷ്ടികഫാക്ടറികളിലായി 170 കുടുംബങ്ങളാണ് ജോലി ചെയ്യുന്നത്. ഇത്രയും ആളുകൾക്ക് തൊഴിൽ നൽകാനുള്ള യാതൊരു സംവിധാനവും ഇവിടെ ഇല്ലെന്ന് ഫാക്ടറി ഉടമകൾ തന്നെ പറയുന്നു. പക്ഷെ താലിബാൻ പറയുന്നത് എല്ലാവർക്കും തൊഴിൽ നിർബന്ധമായും നൽകണമെന്നാണ്. ഭക്ഷണം കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഈ കുട്ടികളധികവും ഇഷ്ടിക ഫാക്ടറികളിൽ പണിയെടുക്കാൻ വരികായണിപ്പോൾ. 9 വയസുള്ള കുട്ടികൾ വരെ ഇവിടെ പണിയെടുക്കുന്നുണ്ട്.രാവിലെ മുതൽ വൈകിട്ട് വരെ പണിയെടുത്താലും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് ഇവിടെ തൊഴിൽ ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിലെ യു എസ് സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറലിന്റെ കണക്കനുസരിച്ച് താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ 9,00,000 ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്. 2022 കഴിയുന്നതോടെ 21 ശതമാനം സ്ത്രീകളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് പറയുന്നു. താലിബാൻ ഭരണകൂടത്തിന് കീഴിൽ കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവുമാണ് അഫാഗാൻ ജനത നേരിടുന്നത്. ലോക രാജ്യങ്ങൾ ഇവിടേക്കുള്ള എല്ലാവിധ സൗഹൃദ ബന്ധങ്ങളും നിർത്തിയിരുന്നു. മാത്രമല്ല വൻകിട കമ്പനികൾ അഫ്ഗാനിലെ സ്ഥാപനങ്ങളിലെ പ്രവർത്തനം കഴിഞ്ഞ വര്ഷം തന്നെ മരവിപ്പിച്ചിരുന്നു.