ഓൺലൈൻ റമ്മി; ഒറ്റയടിക്ക് 8 ലക്ഷം പോയ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ

ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ നഷ്ടമായ യുവാവിന്റെ മാനസികനില തകരാറിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഓൺലൈൻ റമ്മി കളിയിലൂടെ ഒറ്റ ദിവസം കൊണ്ട് 3 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ച്ച കൊണ്ട് 50 ലക്ഷം രൂപ നഷ്ടപ്പെട്ട കോന്നി സ്വദേശി ആത്മഹത്യയുടെ വക്കിലാണെന്നും പണം പോയവർ പറയുന്നു.
ഓരോ തവണ പണം നഷ്ടമാവുമ്പോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് കളിക്കുന്നതെന്ന് പണം നഷ്ടമായവർ പറയുന്നു. സമ്മാനം അടിക്കുമ്പോൾ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാൽ അക്കൗണ്ടിൽ നിന്ന് അപ്പോൾ തന്നെ പണം പോകുമെന്നും ഇവർ പറയുന്നു. ചെറുപ്പക്കാരാണ് റമ്മി കളിക്കാരിൽ കൂടുതലും. ഓൺലൈൻ റമ്മി കളിയിലൂടെ മാനസികാരോഗ്യവും ജീവിതകാലയളവിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർ അനവധിയാണ്.
ഓൺലൈൻ റമ്മിയുടെ പരസ്യങ്ങളിൽ നിന്ന് സിനിമാ താരങ്ങൾ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരസ്യങ്ങളിൽ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാൻ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും കെബി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. എന്നാൽ റമ്മിയുടെ പരസ്യങ്ങളിലെ അഭിനയം നിയമം വഴി നിയന്ത്രിക്കാൻ കഴിയില്ലെന്നും താരങ്ങളുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും വിഎൻ വാസവൻ മറുപടി നൽകുകയും ചെയ്തിരുന്നു. പിന്മാറാനുള്ള അഭ്യർത്ഥന വേണമെങ്കിൽ നടത്താമെന്നും അദ്ദേഹം പറഞ്ഞു.