ലുഹാൻസ്ക് പ്രവിശ്യ പൂർണമായി റഷ്യൻ നിയന്ത്രണത്തിൽ


കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ് പ്രവിശ്യയിലെ അവസാന നഗരമായ ലിസിച്ചാൻസ്കും റഷ്യൻ നിയന്ത്രണത്തിലേക്ക്. നഗരം പൂർണമായി പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു പ്രസിഡന്‍റ് പുടിനെ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.അതേസമയം, യുക്രെയ്ൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റഷ്യൻ പട്ടാളം ലിസിച്ചാൻസ്കിൽ ആക്രമണം രൂക്ഷമാക്കിയതായി യുക്രെയ്ൻ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. നഗരത്തിനു വടക്കുള്ള നദി ആദ്യമായി മുറിച്ചുകടക്കാൻ റഷ്യൻ പട്ടാളത്തിനു കഴിഞ്ഞു. ശക്തമായ തിരിച്ചടികൾ നേരിട്ടിട്ടും റഷ്യൻ പട്ടാളം പിൻവാങ്ങാൻ തയാറാകുന്നില്ലെന്നു യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ഒലക്സി അരിസ്റ്റോവിച്ച് പറഞ്ഞു. അതേസമയം, ലിസിച്ചാൻസ്ക് നഗരത്തിന്‍റെ കേന്ദ്രഭാഗം നിയന്ത്രണത്തിലാക്കിയെന്നു റഷ്യയെ പിന്തുണയ്ക്കുന്ന യുക്രെയ്ൻ വിമതർ നേരത്തേ അവകാശപ്പെട്ടിരുന്നു. ഇക്കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല.

ലിസിച്ചാൻസ്ക് പിടിച്ചെടുത്ത് ലുഹാൻസ് പ്രവിശ്യ നിയന്ത്രണത്തിലാക്കുന്നതോടെ റഷ്യൻ പട്ടാളത്തിന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്നു പൂർത്തിയാകും. നേരത്തേ യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു പിന്മാറിയ റഷ്യൻ പട്ടാളം പിന്നീട് ലുഹാൻസ്ക്, ഡോണറ്റ്സ്ക് പ്രവിശ്യകൾ ഉൾപ്പെടുന്ന ഡോൺബാസ് മേഖലയെ സ്വതന്ത്രമാക്കുന്നതിലായിരിക്കും ശ്രദ്ധയെന്നു പ്രഖ്യാപിച്ചിരുന്നു. ലുഹാൻസ് നിയന്ത്രണത്തിലായാൽ ഡോണറ്റ്ക്സ് പ്രവിശ്യയിൽ ആക്രമണം രൂക്ഷമാക്കാനാണു സാധ്യത. ഡോണറ്റ്സ്കിലെ സ്ലൊവ്യാൻസ്ക് നഗരം കനത്ത ആക്രണം നേരിടുന്നുണ്ട്.

ഇതിനിടെ, റഷ്യ പിടിച്ചെടുത്ത മെലിറ്റോപ്പോൾ നഗരത്തിലെ റഷ്യൻ സൈനിക ആസ്ഥാനം യുക്രെയ്ൻ പട്ടാളം റോക്കറ്റാക്രമണത്തിൽ നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശങ്ങളായ കുർസ്കിലും ബെൽഗരോദിലും യുക്രെയ്ൻസേന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed