വി.ഡി സതീശൻ ശാസിച്ചു; നഗരസഭ ചെയർ‍മാൻ സ്ഥാനം രാജിവച്ച് വിഒ പൈലപ്പൻ


ചാലക്കുടി നഗരസഭ ചെയർ‍മാൻ സ്ഥാനം രാജിവച്ച് വി.ഒ പൈലപ്പൻ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിർ‍ദേശപ്രകാരമാണ് രാജി. ഇനി അവശേഷിക്കുന്ന രണ്ട് വർ‍ഷം എബി ജോർ‍ജാകും നഗരസഭാ ചെയർ‍മാൻ‍. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് എബി ജോർ‍ജ്. മുൻ ധാരണപ്രകാരം പൈലപ്പൻ മാറാൻ സമയമായെന്ന് പാർ‍ട്ടി സൂചിപ്പിച്ചിരുന്നെങ്കിലും തനിക്ക് ആറ് മാസം കൂടി നൽ‍കണമെന്ന ആവശ്യമായിരുന്നു പൈലപ്പൻ ഉയർ‍ത്തിയിരുന്നത്. ഒഴിയാൻ തയാറാകാതിരുന്ന പൈലപ്പൻ പ്രതിപക്ഷ നേതാവും ഡിസിസിയും രാജിവയ്ക്കാൻ ഇന്നലെ അന്ത്യശാസനം നൽ‍കുകയായിരുന്നു.

യുഡിഎഫിന് ആധിപത്യമുള്ള നഗരസഭയാണ് ചാലക്കുടി. 36ൽ‍ 27 സീറ്റ് യുഡിഎഫിനാണുള്ളത്. 27ൽ‍ ഒരു സീറ്റ് ലീഗിനും ബാക്കി കോൺഗ്രസിനുമാണ്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പാർ‍ട്ടി ധാരണ പ്രകാരം ആദ്യ ഒന്നര വർ‍ഷമായിരുന്നു പൈലപ്പന്റെ കാലയളവ്. 30 ദിവസം കൂടി നേതൃത്വത്തോട് ചോദിച്ചുവെങ്കിലും അനുമതി ലഭിക്കാത്തതിനാലാണ് പൈലപ്പൻ രാജി വച്ചത്.

കോൺ‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർ‍ജ് ആണ് ഇനിയുള്ള രണ്ട് വർ‍ഷം ചെയർ‍മാനാവുക. കോൺഗ്രസ് അധ്യക്ഷ സ്ഥാനം എബി ജോർ‍ജും രാജിവച്ചു. അവസാന ഒന്നര വർ‍ഷം കോൺഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭ യുഡിഎഫ് പാർ‍ലമെന്ററി പാർ‍ട്ടി ലീഡറുമായ ഷിബു വാലപ്പനാണ് ചെയർ‍മാൻ സ്ഥാനം വഹിക്കുക. വൈസ് ചെയർ‍മാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ‍മാൻ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed