യുക്രെയ്ന് ഇയു അംഗത്വം നല്കാൻ നടപടി തുടങ്ങി


റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നും റഷ്യൻ അധിനിവേശം ഭയക്കുന്ന മോൾഡോവയ്ക്കും യൂറോപ്യൻ യൂണിയൻ അംഗത്വം നല്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. ഇരു രാജ്യങ്ങളെയും അംഗത്വത്തിനു പരിഗണിക്കാൻ യൂറോപ്യൻ കൗൺസിൽ തീരുമാനിച്ചു. അതേസമയം, മറ്റൊരു മുൻ സോവ്യറ്റ് രാജ്യമായ ജോർജിയയുടെ അപേക്ഷയിൽ തീരുമാനമെടുത്തില്ല. അംഗത്വത്തിനു പരിഗണിക്കുന്നതിന് അവർ ഇനിയും മാനദണ്ഡങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്നു യൂറോപ്പ് നല്കുന്ന ഏറ്റവും ശക്തമായ രാഷ്‌ട്രീയ പിന്തുണയാണിത്. ഫെബ്രുവരി അവസാനം റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷമാണു യുക്രെയ്ൻ യൂറോപ്യൻ യൂണിയൻ (ഇയു) അംഗത്വത്തിന് അപേക്ഷിച്ചത്.ഇയു അംഗത്വം ലഭിക്കുകയെന്നത് വർഷങ്ങൾ നീളുന്ന പ്രക്രിയയാണ്. യുക്രെയ്ന്‍റെ കാര്യത്തിൽ നടപടികൾ വേഗത്തിലാക്കുകയായിരുന്നു. നിയമവാഴ്ച, അഴിമതിനിർമാർജനം തുടങ്ങിയ ഇയു വ്യവസ്ഥകൾ ഇനിയുള്ള കാലം പാലിച്ചാൽ മാത്രമേ യുക്രെയ്ന് അംഗത്വം ലഭിക്കൂ.

യൂറോപ്യൻ കൗൺസിലിന്‍റെ തീരുമാനത്തെ യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി പ്രശംസിച്ചു. യുക്രെയ്നും മോൾഡോവയും ജോർജിയയും യൂറോപ്യൻ കുടുംബത്തിന്‍റെ ഭാഗമാണെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ദെർ ലെയൻ പറഞ്ഞു. റഷ്യയുടെ പ്രതികരണം വന്നിട്ടില്ല.

സാന്പത്തിക കൂട്ടായ്മയായ യൂറോപ്യൻ യൂണിയനിൽ യുക്രെയ്ൻ ചേരുന്നതിൽ റഷ്യക്കു പ്രശ്നമില്ലെന്നാണു പ്രസിഡന്‍റ് പുടിൻ നേരത്തേ പറഞ്ഞിട്ടുള്ളത്. സൈനിക കൂട്ടായ്മയായ നാറ്റോയിൽ ചേരാൻ പോകുന്നു എന്നു പറഞ്ഞാണു റഷ്യ യുക്രെയ്നിൽ അധിനിവേശം തുടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed