അമേരിക്കയിൽ ചരിത്രവിധി; ഗർഭച്ഛിദ്രം ഇനി അവകാശമല്ല


ഗർഭച്ഛിദ്രം വനിതകളുടെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയ അരനൂറ്റാണ്ടു മുന്പത്തെ ‘റോ വേഴ്സസ് വേഡ്’ കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി ഇന്നലെ അസാധുവാക്കി.ഇതോടെ, ഗർഭച്ഛിദ്രം അനുവദിച്ചോ വിലക്കിക്കൊണ്ടോ നിയമം പാസാക്കാനുള്ള അനുമതി ഫെഡറൽ സർക്കാരിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കു ലഭിച്ചു.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ പകുതിയും ഗർഭച്ഛിദ്രം വിലക്കുന്ന നിയമങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. 13 സംസ്ഥാനങ്ങൾ നേരത്തേതന്നെ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പ്രാബല്യത്തിലായി. ഗർഭം ധരിച്ച് 15 ആഴ്ചയ്ക്കുശേഷം അബോർഷൻ വിലക്കിക്കൊണ്ട് മിസിസിപ്പി സംസ്ഥാനം കൊണ്ടുവന്ന നിയമത്തെ ചോദ്യംചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രവിധി. അമേരിക്കൻ വനിതകൾക്ക് സുരക്ഷിതമായി ഗർഭച്ഛിദ്രം നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു വ്യക്തമാക്കി ‘റോ വേഴ്സസ് വേഡ്’ കേസിൽ 1973-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇന്നലെ അസാധുവാക്കപ്പെട്ടത്. പ്രോലൈഫ് സംഘടനകൾ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു.

റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഗർഭച്ഛിദ്രത്തിനെതിരേ കർശന നിലപാടുകൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന കലിഫോർണിയ, ന്യൂമെക്സിക്കോ, മിഷിഗൺ മുതലായ സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിയമങ്ങൾ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

റോ വേഴ്സസ് വേഡ് കേസ്

അമേരിക്കൻ വനിതകൾക്ക് സുരക്ഷിതമായി ഗർഭച്ഛിദ്രം നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു സുപ്രീംകോടതി വിധിച്ചത് ‘റോ വേഴ്സസ് വേഡ്’ കേസിലാണ്.ഇരുപത്തൊന്നുകാരിയായ നോർമ മക്കോർവി 1969ൽ മൂന്നാമത്തെ കുഞ്ഞിനെ ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ചതാണ് കേസിന്‍റെ തുടക്കം.ടെക്സസിലെ ഡാളസിൽ ഗർഭച്ഛിദ്രത്തിനു ശ്രമിച്ചെങ്കിലും നിയമവിരുദ്ധമായതിനാൽ നടന്നില്ല. തുടർന്ന് ഇവർ ജെയിൻ റോ എന്ന പേരിൽ ജില്ലാ കോടതിയിൽ കേസ് നല്കി.

ഡാളസ് ജില്ലാ അറ്റോർണി ഹെന്‍‌റി വേഡ് ആയിരുന്നു എതിർസ്ഥാനത്ത്. വിധിയും അപ്പീലുകളുമായി സുപ്രീംകോടതിയിലെത്തിയ കേസിൽ 1973 ജനുവരിയിൽ ഉത്തരവുണ്ടായി. മതവിശ്വാസിയായി മാറിയ മക്കോർവി പിന്നീട് പശ്ചാത്തപിക്കുകയും ഗർഭച്ഛിദ്രത്തിനു വേണ്ടി വാദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു. 2017 ഫെബ്രുവരിയിൽ ഇവർ അന്തരിച്ചു.

You might also like

Most Viewed