ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാൾ സമ്പദ് വ്യവസ്ഥയും സമ്മർദത്തിലെന്ന് റിപ്പോർട്ട്

ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാൾ സമ്പദ് വ്യവസ്ഥയും സമ്മർദത്തിലെന്ന് റിപ്പോർട്ട്. സമ്പദ് വ്യവസ്ഥ ഞെരുക്കത്തിലായതോടെ പെട്രോളിയം, വൈദ്യുതി എന്നിവയുടെ ഇറക്കുമതിയിലുൾപ്പെടെ നേപ്പാൾ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്നതുമാണ് സമ്മർദത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
വൈദ്യുതിയുടേയും പെട്രോളിന്റേയും വില ഉയർന്നതിനാൽ ഇവയുടെ ഇറക്കുമതി പ്രതിസന്ധിയിലാകുകയായിരുന്നു. പെട്രോളിയത്തിന്റെ ഇറക്കുമതി അന്‍പത് ശതമാനത്തോളം കുറയ്ക്കാനാണ് നേപ്പാൾ കേന്ദ്രബാങ്ക് ആലോചിച്ച് വരുന്നതെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുടെ വകയിൽ പ്രതിമാസം 24 മുതൽ 29 ബില്യണാണ് നേപ്പാൾ ഇന്ത്യയ്ക്ക് നൽകുന്നത്. ഇത് പ്രതിമാസം 12 മുതൽ 13 ബില്യൺ വരെയായി പരിമിതപ്പെടുത്താനാണ് നേപ്പാൾ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
വൈദ്യുതിക്കായും നേപ്പാൾ ഇന്ത്യയെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഉയർന്ന വില നൽകി ഇനിയും വൈദ്യുതി വാങ്ങിയാൽ സമ്പദ് വ്യവസ്ഥ അസ്ഥിരമാകുമോ എന്ന ആശങ്കയിലാണ് നേപ്പാൾ ഭരണകൂടം വൈദ്യുതി ഇറക്കുമതി കുറയ്ക്കാനും ആലോചിച്ച് വരുന്നത്.
രാജ്യത്തെ ബിസിനസുകൾ തകർച്ചയുടെ വക്കിലെത്തിയതോടെ നേപ്പാൾ രാഷ്ട്ര ബാങ്ക് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അഞ്ച് ശതമാനം പലിശ നിരക്കിൽ 153 ബില്യൺ റീഫിനാൻസ് ചെയ്തിട്ടുണ്ട്.