അധികാരം പ്രസിഡൻഷ്യൽ കൗൺസിലിന് കൈമാറി യെമൻ പ്രസിഡന്റ്


ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന രാജ്യത്തെ നയിക്കുന്നതിനായി തന്റെ അധികാരം പ്രസിഡൻഷ്യൽ കൗൺസിലിന് കൈമാറി യെമൻ പ്രസിഡന്റ് അബ്ദ് റബ്ബു മൻസൂർ ഹാദി. സൗദി അറേബ്യ ശതകോടികളുടെ സഹായം പ്രഖ്യാപിക്കുകയും ഹൂതികളുമായി ചർച്ചകൾ ആരംഭിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പുതിയ നീക്കം. മുൻ ആഭ്യന്തര മന്ത്രിയും ഹാദിയുടെ ഉപദേശകനുമായ റഷാദ് അൽ അലിമിയുടെ നേതൃത്വത്തിൽ എട്ട് അംഗങ്ങൾ അടങ്ങിയതാണ് പ്രസിഡൻഷ്യൽ കൗൺസിൽ.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ന് നടന്ന അവസാന ഘട്ട സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് പ്രസിഡന്റ് അധികാരം കൈമാറുന്നതായുള്ള പ്രസ്താവന പുറത്തുവന്നത്. പിന്നാലെ യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ ഉന്നമനത്തിനായി മൂന്ന് ബില്യൺ ഡോളർ ധനസഹായം നൽകുമെന്ന് സൗദി അറേബ്യ അറിയിക്കുകയായിരുന്നു. സൗദിയിൽ നിന്നും രണ്ട് ബില്യൺ ഡോളറും യുഎ ഇയിൽ നിന്നും ഒരു ബില്യൺ ഡോളറുമാണ് എത്തുന്നത്.

2014ൽ ഹൂതി വിമതർ യെമനിന്റെ തലസ്ഥാനമായ സന പിടിച്ചട‌ക്കിയതുമുതൽ സൗദി അറേബ്യയുടെ സൈനിക പിന്തുണയുള്ള യെമൻ സർക്കാരും ഇറാനിന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മിൽ അധികാര പോരാട്ടം നടക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച സമാധാന ചർച്ചകളും യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയ്ക്ക് വകനൽകുന്നു. എന്നാൽ ശത്രുരാജ്യത്ത് ചർച്ച ചെയ്യാൻ തയ്യാറല്ലെന്ന് അറിയിച്ചുകൊണ്ട് ഹൂതി വിമതർ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed