കെവി തോമസിനെതിരെ നടപടി ഉറപ്പെന്ന് കെ സുധാകരൻ

കെവി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത് അച്ചടക്ക ലംഘനമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സെമിനാറിൽ പങ്കെടുത്താലും ഇല്ലെങ്കിലും നടപടി ഉറപ്പാണ്. കെവി തോമസിനെതിരെ പ്രതീക്ഷിക്കാത്ത വേഗത്തിൽ നടപടിയുണ്ടാകും. അദ്ദേഹം സെമിനാറിൽ പോകുന്നെങ്കിൽ പോകട്ടെയെന്നും കെ.വി തോമസുമായി ഇനിയൊരു ആശയവിനിമയമോ ഇടപെടലോ ഇല്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിലൂടെയാണ് കെവി തോമസ് പ്രഖ്യാപിച്ചത്, കോൺഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെവി തോമസ് നിലപാടറിയിച്ചത്. സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര−സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്‌റുവിയൻ കാഴ്ചപ്പാടാണ് തനിക്കുള്ളത് എന്നും കെവി തോമസ് പറഞ്ഞു.
‘പാർട്ടി വിറ്റ് താൻ പണമുണ്ടാക്കിയിട്ടില്ല. എങ്കിലും തിരുത തോമസ് എന്ന് ഒപ്പമുള്ളവർ പരിഹസിച്ചു. പാർട്ടിയെ ഉപയോഗിച്ച് പത്ത് പൈസയുണ്ടാക്കിയിട്ടില്ല. എന്നെ പുറത്താക്കാന്‍ കെ സുധാകരന് യാതൊരു അധികാരവുമില്ല. ഞാന്‍ എഐസിസി അംഗമാണ്. വർഗീയതയ്ക്കെതിരായി ബിജെപി വിരുദ്ധ പാർട്ടികൾ ഒന്നിക്കേണ്ടതുണ്ട്. സ്റ്റാലിന്‍ പങ്കെടുക്കുന്ന സെമിനാറിലാണ് ഞാന്‍ പങ്കെടുക്കുന്നത്. ആശയപരമായി സെമിനാറിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനാൽ സെമിനാറിൽ പങ്കെടുത്തേ പറ്റൂ’. കെ വി തോമസ് പറഞ്ഞു.
സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര−സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത്. മാർച്ച് മാസത്തിൽ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി താൻ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും കെവി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.