വധശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിക്കാൻ കുൽഭൂഷൺ യാദവിന് പാകിസ്ഥാൻ അനുമതി നൽകി
ഇസ്ലാമബാദ്: പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിക്കാൻ ഇന്ത്യയുടെ മുൻ നാവിക ഓഫീസർ കുൽഭൂഷൺ യാദവിന് പാകിസ്ഥാൻ അനുമതി നൽകി. ഇതുസംബന്ധിച്ച ബിൽ പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഇന്നലെ പാസാക്കി.
യാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രകാരമാണ് പാക് നടപടി. ഭീകരപ്രവർത്തനവും ചാരവൃത്തിയും ആരോപിച്ച് 2017ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവ് (51) ഇപ്പോൾ പാക് ജയിലിലാണ്.
വധശിക്ഷയെ ചോദ്യം ചെയ്‌ത് ഇന്ത്യ ഹേഗിലെ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുകയായിരുന്നു. യാദവിന് കോൺസുലേറ്റ് സഹായം നൽകാൻ ഇന്ത്യയെ അനുവദിക്കണമെന്നും വധശിക്ഷ പുനഃപരിശോധിക്കണമെന്നുമായിരുന്നു കോടതി വിധി. അതുപ്രകാരം യാദവിന് അപ്പീൽ അനുമതി നൽകാനുള്ള ഓർഡിനൻസ് ഇക്കൊല്ലം ജൂണിൽ തന്നെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നു. അതാണിപ്പോൾ ബില്ലായി പാസാക്കിയത്.
എന്നാൽ ബില്ലിൽ (റിവ്യൂ ആൻഡ് റീകൺസിഡറേഷൻ ബിൽ 2020) ലോക കോടതി നിഷ്‌കർഷിച്ച വിധത്തിൽ യാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാനുള്ള സംവിധാനം ഇല്ലെന്നും പാകിസ്ഥാനിലെ മുനിസിപ്പൽ കോടതിക്ക് തീർപ്പ് കൽപ്പിക്കാൻ കഴിയുന്ന വിഷയമല്ല ഇതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. തീർപ്പിന് പാകിസ്ഥാനിലെ മുനിസിപ്പൽ കോടതിക്ക് വിടാനാണ് ബില്ലിലെ വ്യവസ്ഥ. ഒരു രാജ്യം അന്താരാഷ്‌ട്ര നിയമപ്രകാരമുള്ള ബാദ്ധ്യത നിറവേറ്റിയോ എന്ന് തീർപ്പാക്കേണ്ടത് മുനിസിപ്പൽ കോടതി അല്ലെന്നാണ് ഇന്ത്യയുടെ വാദം. ബില്ലിലെ ഈ പോരായ്‌മകൾ പരിഹരിക്കണമെന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
