കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്‍റൈൻ വേണ്ട; ഒടുവിൽ നിലപാട് തിരുത്തി ബ്രിട്ടൺ


ന്യൂഡൽഹി: കോവിഷീൽഡിനെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ. കോവിഷീൽഡ് വാക്സിൻ ബ്രിട്ടൻ‍ അംഗീകരിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടൻ നിലപാട് തിരുത്തിയത്. ഇതോടെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്‍റൈൻ വേണ്ട. അതേസമയം ക്വാറന്‍റൈൻ ഇല്ലാതെയുള്ള യാത്രയ്ക്ക് അനുമതിയായില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്.  നിയമാനുസൃതമായ കോവിഡ് പ്രതിരോധ വാക്സിൻ ആയി കോവിഷീൽഡിനെ അംഗീകരിക്കാതിരിക്കാനുള്ള യുകെ സർക്കാരിന്‍റെ തീരുമാനം വിവേചനപരമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്യംഘ്‌ല പറഞ്ഞിരുന്നു. 

ബ്രിട്ടനിലേക്കു യാത്ര ചെയ്യുന്ന രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും 10 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കിയതും കോവിഷീൽഡ് അംഗീകരിക്കാത്തതും വിവേചനപരമായ നയമാണ്. യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ ഇതു ബാധിക്കുന്നു. പരസ്പര നടപടികൾ കൈക്കൊള്ളാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും ഹർഷവർധൻ വ്യക്തമാക്കിയിരുന്നു. കോവിഷീൽഡ് രണ്ടു ഡോസ് സ്വീകരിച്ച ഇന്ത്യക്കാരെ വാക്സിൻ സ്വീകരിക്കാത്തവരായി കണക്കാക്കിയാണു യുകെയിൽ പത്തു ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കിയത്. ഇതിനു പുറമേ യാത്രയ്ക്കു മുന്പും ശേഷവും കോവിഡ് നെഗറ്റീവ് ടെസ്റ്റുകളും നിർബന്ധമാക്കിയിരുന്നു. അതേസമയം ഓക്സ്ഫഡ്− അസ്ട്ര സെനക വാക്സിൻ യുകെ അംഗീകരിച്ചിട്ടുണ്ട്. ഇതേ കന്പനി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിനാണ് യുകെ അംഗീകാരം നിഷേധിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ ബ്രിട്ടൻ തിരുത്തിയത്.

You might also like

Most Viewed