അഫ്ഗാനിൽ സർക്കാർ രൂപീകരിക്കുന്ന ചടങ്ങിലേക്ക് താലിബാൻ പാകിസ്താൻ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിച്ചതായി സൂചന


കാബൂൾ: പ്രതിരോധസേന ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ പഞ്ച്ശീർ താഴ്്വരകൂടി പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനിൽ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അവകാശവാദവുമായി താലിബാൻ. അതിനിടെ പുതിയ സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിലേക്ക് പാകിസ്താനും ചൈനയും അടക്കമുള്ള രാജ്യങ്ങളെ താലിബാന് ക്ഷണിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പാകിസ്താന്, ചൈന, റഷ്യ, തുർക്കി, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളെ താലിബാന് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.

സംഘർഷം അവസാനിച്ചുവെന്നും രാജ്യത്ത് സുസ്ഥിര സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് കാബൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇനി ആയുധം എടുക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ പഞ്ച്ശീറിലേതിന് സമാനമായ രീതിയിൽ നേരിടും. അധിനിവേശക്കാർ രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്തില്ലെന്ന് ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കണം. അതിന്റെ ഉത്തരവാദിത്വം നമ്മൾ തന്നെ ഏറ്റെടുക്കണം. കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

ഖത്തർ, തുർക്കി, യു.എ.ഇ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും താലിബാൻ വക്താവ് പറഞ്ഞു. താലിബാനെതിരെ പ്രതിരോധം തീർത്ത പഞ്ചശീർ പിടിച്ചെടുത്തുവെന്ന അവകാശവാദം വക്താവ് ആവർത്തിച്ചു. തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം കഴിഞ്ഞമാസം താലിബാന് ഏറ്റെടുത്തിരുന്നുവെങ്കിലും പ്രതിരോധസേന പഞ്ച്ശീറിൽ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുകയായിരുന്നു. എന്നാൽ ആയിരക്കണക്കിന് താലിബാൻ തീവ്രവാദികൾ കഴിഞ്ഞ ദിവസം രാത്രിയോടെ പഞ്ച്ശീറിൽ പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പഞ്ച്ശീർ തങ്ങളുടെ നിയന്ത്രണത്തിലായെന്ന താലിബാന്റെ അവകാശവാദം പിന്നീട് വന്നു. എന്നാൽ, പഞ്ച്ശീറിൽ പോരാട്ടം തുടരുമെന്നാണ് പ്രതിരോധ സേന അവകാശപ്പെടുന്നത്. പ്രതിരോധ സേനയുടെ വക്താവ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് അവർക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed