ഹെയ്തി പ്രസിഡണ്ടിനെ വെടിവെച്ച് കൊന്ന സംഭവത്തിൽനാല് പേരെ സുരക്ഷാസേന വധിച്ചു


പോർട്ട് ഓ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിലെ പ്രസിഡന്‍റ് ജോവനൽ മോയ്സിനെ വെടിവച്ച് കൊന്ന അക്രമി സംഘത്തിലെ നാല് പേരെ സുരക്ഷാസേന വധിച്ചു. രണ്ട് പേരെ പിടികൂടി. അക്രമികൾ വിദേശികൾ ഉൾപ്പെട്ട കൂലിപ്പട്ടാളക്കാരെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് അജ്ഞാത അക്രമികൾ പോർട്ട് ഓ പ്രിൻസിലെ മോയ്സിന്‍റെ സ്വകാര്യ വസതിയിൽ ഇരച്ചുകയറി വെടിവച്ചു കൊലപ്പെടുത്തിയത്. പ്രഥമവനിത മാർട്ടീന മേരിക്കും വെടിയേറ്റിരുന്നു. സ്പാനിഷ് സംസാരിക്കുന്നവരാണു പ്രസിഡന്‍റിനെ ആക്രമിച്ചതെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലോദ് ജോസഫ് അറിയിച്ചിരുന്നു. ഭരണത്തുടർച്ച ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായി ജോസഫ് കൂട്ടിച്ചേർത്തു. പ്രസിഡന്‍റ് മോയ്സിനെതിരേ ദീർഘനാളായി ജനകീയ പ്രതിഷേധം ശക്തമായിരുന്നു. മോയ്സ് വ്യാപകമായി അഴിമതിയാരോപണങ്ങൾ നേരിട്ടിരുന്നു. ജീവിതച്ചെലവ് വർധിച്ചതടക്കമുള്ള കാരണങ്ങളാലും ജനം അദ്ദേഹത്തിനെതിരായി. 

പ്രതിഷേധസമരങ്ങൾ പലതും അക്രമത്തിൽ കലാശിച്ചിരുന്നു. മുൻ പ്രസിഡന്‍റ് മിച്ചൽ മാർട്ടെല്ലി സ്ഥാനമൊഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് 2017 ഫെബ്രുവരിയിലാണ് മോയ്സ് അധികാരത്തിലേറിയത്. മുൻ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ കാലംവച്ചു നോക്കിയാൽ മോയ്സിന്‍റെ അഞ്ചുവർഷ കാലാവധി ഈ ഫെബ്രുവരിയിൽ അവസാനിച്ചുവെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ‌എന്നാൽ തനിക്ക് ഇനിയും ഒരുവർഷകാലാവധി കൂടിയുണ്ടെന്ന നിലപാടിലായിരുന്നു മോയ്സ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed