അമേരിക്കയിൽ 12 നില കെട്ടിടം തകർന്ന് മൂന്ന് മരണം; 99 പേരെ കാണാതായി
ന്യൂയോർക്ക്: അമേരിക്കയിലെ മിയാമി ബീച്ചിന് സമീപമുള്ള 12 നില കെട്ടിടം ഭാഗികമായി തകർന്ന് വീണ് മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. 99ഓളം പേരെ കാണാതായിട്ടുണ്ട്. ഇവർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. 102 പേരെ ഇതിനകം രക്ഷിച്ചിട്ടുണ്ട്. ഇതിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പന്ത്രണ്ട് നില കെട്ടിടത്തിന്റെ പകുതിയോളം ഭാഗമാണ് തകർന്ന് വീണത്. അപകടകാരണം വ്യക്തമല്ല. തകർന്നുവീണ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
130 ഓളം അപ്പാർട്ട്‌മെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

