ഒടുവിൽ കോൺഗ്രസ്സിന്റെ കോവിഡ് ആശ്വാസ ബില്ലിൽ ഒപ്പുവച്ച് ട്രംപ്
വാഷിംഗ്ടൺ: യുഎസ് കോൺഗ്രസ് പാസാക്കിയ കോവിഡ് ആശ്വാസ ബില്ലിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഒരാഴ്ചയോളം വൈകിയാണ് ബില്ലിൽ ഞായറാഴ്ച ട്രംപ് ഒപ്പുവയ്ക്കുന്നത്. 90,000 കോടി ഡോളറിന്റെ കോവിഡ് സഹായ ബില്ലാണ് കഴിഞ്ഞ തിങ്കളാഴ്ച യുഎസ് കോൺഗ്രസ് പാസാക്കിയത്. ബില്ലിന് സെനറ്റ് അംഗീകാരം നൽകി പ്രസിഡന്റെ പരിഗണനയ്ക്കു വിട്ടു. എന്നാൽ ബില്ലിൽനിന്ന് അനാവശ്യ ഇനങ്ങൾ മാറ്റണമെന്നും ധനസഹായം 600 ഡോളറിൽനിന്ന് 2,000 ഡോളറാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു ട്രംപ് ഒപ്പിടുന്നതു വൈകിപ്പിച്ചു. സഹായധനം 600 ഡോളറിൽനിന്ന് ദന്പതികൾക്ക് 2,000 അല്ലെങ്കിൽ 4,000 ഡോളറാക്കി ഉയർത്തണമെന്നും ബില്ലിൽ നിരവധി വിദേശ രാജ്യങ്ങൾക്കു സഹായം നൽകാൻ വ്യവസ്ഥയുണ്ടെന്നും ഇതു മാറ്റണമെന്നും ട്രംപ് നിലപാട് സ്വീകരിച്ചു.
മാറ്റം വരുത്താത്തപക്ഷം ബില്ലിൽ ഒപ്പിടാൻ വിസമ്മതിക്കുകയും ചെയ്തു. ക്രിസ്തുമസ് ദിനങ്ങളിൽ റിസോർട്ടിൽ ഗോൾഫ് കളിച്ചു സമയം ചിലവഴിച്ചിരുന്ന ട്രംപിനോട് എത്രയും പെട്ടെന്ന് ബില്ലുകളിൽ ഒപ്പിടാൻ ഇരു പക്ഷത്തുനിന്നുമുള്ള കോൺഗ്രസ് അംഗങ്ങൾ നിർദേശിച്ചു. ഇതേതുടർന്നാണ് ട്രംപ് ബില്ലിൽ ഒപ്പുവയ്ക്കാൻ തയാറായത്.
