വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു

പ്രശസ്‌ത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നാണ് മരണം. 59 വയസായിരുന്നു. ലാത്വിയൻ മാദ്ധ്യമങ്ങളാണ് വിഖ്യാത സംവിധായന്റെ മരണ വാർത്ത പുറത്തുവിട്ടത്. നിരവധി അന്തർദേശീയ പുരസ്‌ക്കാരങ്ങൾ അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്.
റിഗയ്‌ക്കടുത്തുള്ള കടൽ തീരത്ത് വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന മീറ്റിംഗുകളിൽ അദ്ദേഹത്തെ കാണാതായപ്പോഴാണ് സുഹൃത്തുക്കൾ അന്വേഷിച്ചിറങ്ങിയതെന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്നാണ് അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും കൊവിഡ് സ്ഥിരീകരിച്ചതും.
1960 ഡിസംബർ 20ന് ദക്ഷിണ കൊറിയയിലെ ക്യോംഗ്സംഗ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി.
2004ൽ കിം കി ഡുക് മികച്ച സംവിധായകനുളള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ലഭിച്ചു. ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്‌പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്‌പ്രിംഗ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് കിം കി-ഡുക്ക്.