ഷാങ്ഹായ് ഉച്ചകോടി കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പാക് നീക്കത്തെ തടഞ്ഞ് റഷ്യ
ന്യൂഡല്‍ഹി: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പാകിസ്താനും ചൈനയ്ക്കും കനത്ത തിരിച്ചടി. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പാകിസ്താന്റെ നീക്കത്തെ റഷ്യ തടഞ്ഞു. ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയല്ല എസ്‌സിഒ ഉച്ചകോടിയെന്ന് റഷ്യ വ്യക്തമാക്കി.
‘അംഗരാജ്യങ്ങള്‍ പ്രാദേശികമായി നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തിക സഹകരണം എന്നിവയ്ക്കാണ് ഷാങ്ഹായ് ഉച്ചകോടി പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ ഇടപെടില്ല. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്’. ഇന്ത്യയിലെ റഷ്യയുടെ ഉപസ്ഥാനപതി റോമന്‍ എന്‍. ബാബുഷ്‌കിന്‍ പറഞ്ഞു.
എസ്‌സിഒ ഉച്ചകോടിയ്ക്ക് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. എസ്‌സിഒ അജണ്ടയിലേയ്ക്ക് അനാവശ്യമായി ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് ഷാങ്ഹായ് ഉച്ചകോടിയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ ഉച്ചകോടിയ്ക്ക് അദ്ധ്യക്ഷത വഹിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രധാന പോയിന്റുകള്‍ എഴുതി എടുത്തത് വലിയ വാര്‍ത്തയായിരുന്നു.

